കോഴിക്കോട്: സൈബർ ആക്രമണങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി അർജുന്റെ കുടുംബം. സമൂഹമാദ്ധ്യമങ്ങളിലൂടെ വർഗീയ അധിക്ഷേപം നടക്കുന്നുവെന്നാണ് പരാതി. അർജുന്റെ സഹോദരി അഞ്ജു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. ഭർത്താവ് ജിതിൻ, അർജുന്റെ ഭാര്യ കൃഷ്ണപ്രിയ, എന്നിവർക്കൊപ്പം കമ്മീഷണർ ഒഫീസിൽ എത്തിയാണ് അഞ്ജു പരാതി നൽകിയത്.
അർജുന്റെ വേർപാടിനെ തുടർന്ന് ഭാര്യ കൃഷ്ണപ്രിയ ജോലിക്ക് പോയി തുടങ്ങിയത് മുതൽ അർജുന്റെ കുടുംബത്തിനെതിരെ സൈബറാക്രമണം ആരംഭിച്ചിരുന്നു. മനാഫിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ അവഹേളനം വർദ്ധിച്ചു. അർജുന്റെ സഹോദരീ ഭർത്താവ് ജിതിനെതിരെയും വലിയ രീതിയിലുള്ള അധിക്ഷേപമാണ് ഒരു വിഭാഗം നടത്തിയത്. അർജുന്റെ വേർപാടിൽ കുടുംബത്തിന് ഖേദമില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളും ശക്തമായിരുന്നു. ഓരോ കുടുംബാംഗങ്ങൾക്കുമെതിരെ മോശം കമന്റുകളും വ്യക്തി അധിക്ഷേപങ്ങളും കനത്തതോടെയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.
ഭർത്താവ് നഷ്ടപ്പെട്ടിട്ടും ഭാര്യക്ക് വിഷമമില്ല, അർജുനായുള്ള തെരച്ചിൽ തുടരുമ്പോഴും ജോലിക്ക് പോയി, അളിയൻ ജിതിൻ കുടുംബം കലക്കും, എപ്പോഴും അച്ചി വീട്ടിൽ തന്നെ, അനിയനെ നഷ്ടപ്പെട്ടിട്ടും കരയാത്ത സഹോദരി, അർജുന്റെ വേർപാടിൽ മനാഫിന് തോന്നിയ വിഷമം പോലും കുടുംബത്തിനില്ല, തുടങ്ങിയ വ്യക്തി അധിക്ഷേപങ്ങൾ അർജുന്റെ കുടുംബത്തിനെതിരെ വ്യാപകമായി ഉയർന്നിരുന്നു. കഴിഞ്ഞ ഏതാനും ദിവസവമായി അർജുന്റെ കുടുംബാംഗങ്ങളെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും അനവധിയാണ്. ഈ സാഹചര്യത്തിലാണ് ഇവർ പൊലീസിനെ സമീപിച്ചത്.