രാത്രി കറക്കം കൂടുന്നു, മകന്റെ മോട്ടോർ ബൈക്കിന് അച്ഛൻ തീയിട്ടു. സെൻട്രൽ മലേഷ്യയിലെ ക്വാലാലംപൂർ സ്വദേശിയായ അച്ഛനാണ് മകന്റെ സുരക്ഷയിൽ ആശങ്കാകുലനായി കടുംകൈ ചെയ്തത്. ബൈക്ക് കത്തിച്ചതിന് പുറമേ ദൃശ്യങ്ങൾ പകർത്തി ടിക് ടോക്കിൽ പങ്കുവെക്കുകയും ചെയ്തു. ലക്ഷക്കണക്കിന് പേരാണ് കുറഞ്ഞ സമയത്തിനുള്ളിൽ വീഡിയോ കണ്ടത്
സ്കൂളിൽ പോകാനുള്ള സൗകര്യത്തിന് അച്ഛൻ തന്നെയാണ് പ്രായപൂർത്തിയാകാത്ത മകന് ബൈക്ക് വാങ്ങി നൽകിയത്. എന്നാൽ അച്ഛന്റെ പ്രതീക്ഷകളെ തെറ്റിച്ച് മകൻ റൈസിംഗിന് അടിമയായി. മോട്ടോർ ബൈക്ക് റേസുകളിൽ പങ്കെടുത്ത് വളരെ വൈകിയാണ് മകൻ വീട്ടിലെത്തിയിരുന്നത്. അപകട സാധ്യതയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവൻ ചെവിക്കൊണ്ടില്ല. മകൻ അപകടത്തിൽ മരിക്കുന്ന ചിന്ത അദ്ദേഹത്തെ നിരാശനാക്കി. ഇതോടെ ബൈക്ക് നശിപ്പിക്കാൻ പിതാവ് തീരുമാനിക്കുകയായിരുന്നു.
എന്റെ മകനെ എന്നെന്നേക്കുമായി നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, പിതാവ് വീഡിയോ പറഞ്ഞു. “മോട്ടോർ സൈക്കിൾ ഓടിച്ചതിന് എന്റെ മകനെ അറസ്റ്റു ചെയ്തെന്ന് കേൾക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. താനും മകനും തമ്മിലുള്ള വഴക്കിന് പ്രധാന കാരണമായി മോട്ടോർ സൈക്കിൾ മാറിയെന്നും അതിനാൽ, അത് നശിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗമില്ലെന്നും പിതാവ് പറഞ്ഞു.















