ആലപ്പുഴ: നവകേരളയാത്രയ്‌ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയ ഗൺമാൻമാക്ക് ക്ലീൻ ചിറ്റ്. പരാതി വ്യാജമാണെന്നും മർദന ദൃശ്യങ്ങൾ ലഭിച്ചില്ലെന്നുമുള്ള വിചിത്രവാദമാണ് പൊലീസ് അവതരിപ്പിച്ചത്. ഇതിനെ തുടർന്ന് പ്രതികൾക്ക് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു ക്രൈംബ്രാഞ്ച്. കേസ് അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് റഫറൻസ് റിപ്പോർട്ടും നൽകി. ഈ വിവരം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഗൺമാൻ അനിൽകുമാറിനും സുരക്ഷാജീവനക്കാരൻ സന്ദീപിനുമാണ് ക്ലീൻ ചിറ്റ് ലഭിച്ചത്.
സംഭവത്തിൽ ആലപ്പുഴ ബ്ലോക്ക് സെക്രട്ടറി സജിൻ ഷെരീഫ് നൽകിയ പരാതി വ്യാജമാണെന്ന് പൊലീസ് അവകാശപ്പെട്ടു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്ന ന്യായീകരണമാണ് റിപ്പോർട്ടിൽ പറയുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടൽ മാത്രമാണ് നടത്തിയതെന്നും ഗൺമാൻമാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
നവകേരളയാത്രയ്‌ക്കിടെ ആലപ്പുഴയിൽ വച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ചേർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയത്. നവകേരളാ ബസ് കടന്നുപോയപ്പോൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ ഗൺമാൻമാർ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലായിരുന്നു സംഭവം. ഏറെ വിവാദങ്ങൾക്ക് വഴിവച്ച സംഭവത്തിൽ കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ്, ഒടുവിൽ കോടതിയുടെ ഇടപെടൽ ഉണ്ടായതിനെ തുടർന്നായിരുന്നു എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പിന്നാലെ ഇത് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.