ന്യൂഡൽഹി: ഒരു ലക്ഷം കോടി രൂപയുടെ കാർഷിക വികസന പദ്ധതികൾക്ക് അംഗീകാരം നൽകിയ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ ഭക്ഷ്യ ഉത്പാദകർ സ്വയം പര്യാപ്തത നേടുകയും ഭക്ഷ്യ സുരക്ഷ കൂടുതൽ ശക്തിപ്പെടുകയും ചെയ്യും. രാജ്യത്തുടനീളമുള്ള കർഷകരുടെ ക്ഷേമത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
“രാജ്യത്തെ കർഷകരായ സഹോദരീ സഹോദരന്മാരുടെ ക്ഷേമത്തിനായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇതിനായി രണ്ട് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. രാഷ്‌ട്രീയ കൃഷി വികാസ് യോജന, കൃഷോന്നതി യോജന എന്നെ പദ്ധതികൾക്ക് അംഗീകാരം നൽകി. ഇത് ഭക്ഷ്യ ഉത്പാദകരെ സ്വയം പര്യാപ്തരാക്കും, ഭക്ഷ്യ സുരക്ഷയെ കൂടുതൽ ശക്തിപ്പെടുത്തും,” പ്രധാനമന്ത്രി കുറിച്ചു.
സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി പ്രധാൻമന്ത്രി രാഷ്‌ട്രീയ കൃഷി വികാസ് യോജന, കൃഷോന്നതി യോജന എന്നീ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. സംസ്ഥാന സർക്കാരുകൾ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ നടത്തിപ്പോരുന്ന കർഷകക്ഷേമ പദ്ധതികളും തുടരും. ഇതിനായി ഓരോ സംസ്ഥാനങ്ങൾക്കും തങ്ങളുടെ കാർഷിക മേഖലയെക്കുറിച്ച് സമഗ്രവും തന്ത്രപരവുമായ ഒരു രേഖ തയാറാക്കാൻ അനുമതിയുണ്ട്. ഇതനുസരിച്ച് സംസ്ഥാനങ്ങളുടെ വാർഷിക പ്രവർത്തന പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകും.