ചെന്നൈ: ചെന്നൈ മെട്രോ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. നേരത്തെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായുള്ള കേന്ദ്ര വിഹിതം അനുവദിക്കണമെന്ന് എംകെ സ്റ്റാലിൻ അഭ്യർത്ഥിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
63,246 കോടി രൂപ ചെലവ് വരുന്ന മെട്രോ പദ്ധതിക്ക് 118.9 കിലോ മീറ്ററിൽ ആകെ 128 സ്റ്റേഷനുകളാണുള്ളത്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ നഗരത്തിന് 173 കിലോമീറ്റർ നീളമുള്ള മെട്രോ റെയിൽ ശൃംഖല ഉണ്ടാകും. പ്രോജക്ട് പ്ലാൻ അനുസരിച്ച് രണ്ടാം ഘട്ടത്തിൽ മൂന്ന് ഇടനാഴികൾ ആണുള്ളത്. നുങ്കമ്പാക്കം, പുരുഷായ്‌വാകം, വടപളനി, അഡയാർ ഉൾപ്പെടെ ഗതാഗതക്കുരുക്ക് കൂടുതലുള്ള റോഡുകളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഈ പദ്ധതി ആശ്വാസമാകും.
തമിഴ്‌നാട്ടിലെ ജനങ്ങളുടെ ദീർഘകാല ആവശ്യം അംഗീകരിച്ചതിന് മുഖ്യമന്ത്രി സ്റ്റാലിൻ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. ജനങ്ങളുടെ ദീർഘകാല ആവശ്യമായ ഈ പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. 2027-ഓടെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.















