പത്തനംതിട്ട: ഹിമാചൽ പ്രദേശിൽ 56 വർഷം മുമ്പുണ്ടായ വിമാനാപകടത്തിൽ വീരമൃത്യു വരിച്ച പത്തനംതിട്ട സ്വദേശി തോമസ് ചെറിയാന്റെ സംസ്കാരചടങ്ങുകൾ ഇന്ന് നടക്കും. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 10.30 ഓടെ ഇലന്തൂരിലെ തോമസ് ചെറിയാന്റെ കുടുംബ വീട്ടിലെത്തിക്കും.
ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് പള്ളിയിലാണ് ചടങ്ങുകൾ നടക്കുന്നത്. വീട്ടിലെയും പള്ളിയിലെയും പൊതുദർശനത്തിനും ചടങ്ങുകൾക്കും ശേഷം ഉച്ചയ്‌ക്ക് രണ്ട് മണിയോടെ സംസ്കാരം നടത്തും. എല്ലാ സൈനിക ബഹുമതികളോടും കൂടിയായിരിക്കും ചടങ്ങുകൾ നടക്കുക.
കഴിഞ്ഞ ദിവസമാണ് തോമസ് ചെറിയാന്റെ ഭൗതീകശരീരം തിരുവനന്തപുരത്തെത്തിച്ചത്. മന്ത്രി വീണ ജോർജും കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. തുറന്ന സൈനിക വാഹനത്തിൽ വിലാപയാത്രയായിട്ടാണ് ഭൗതീകദേഹം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തെരച്ചിലിനൊടുവിലാണ് ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരത്തിൽ നിന്ന് തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്. 1968 ഫെബ്രുവരി ഏഴിന് ലഡാക്കിൽ 103 പേരുമായി പോയ സൈനികവിമാനം തകർന്നുവീണായിരുന്നു അപകടം. 103 പേർക്ക് ജീവൻ നഷ്ടമായെങ്കിലും ഒമ്പത് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്.