ഡൽഹിയിലെ ചാണക്യപുരിയിൽ കണ്ടെത്തിയ രാജവെമ്പാലയെ വനം വന്യജീവി വകുപ്പ് സംഘം സുരക്ഷിതമായി വനത്തിലേക്ക് മാറ്റി. രാജ്യതലസ്ഥാനത്ത് ഇതാദ്യമായാണ് രാജവെമ്പാലയെ കാണുന്നത്. അതിനാൽ തന്നെ വളരെയധികം ദൂരം സഞ്ചരിച്ചാണ് പാമ്പ് ഡൽഹിയിലെത്തിയത്.
ഉത്തരാഖണ്ഡിൽ നിന്നായിരിക്കണം യാത്ര ചെയ്ത് രാജവെമ്പാല രാജ്യ തലസ്ഥാനത്ത് എത്തിയത്. നിർമ്മാണത്തിലിരിക്കുന്ന ഉത്തരാഖണ്ഡ് ഭവന് സമീപമാണ് ഉഗ്രവിഷമുള്ള രാജവെമ്പാലയെ കണ്ടെത്തിയത്. ഉത്തരാഖണ്ഡിൽ നിന്ന് നിർമാണ സാമഗ്രികൾ കയറ്റിയ വാഹനത്തിൽ പാമ്പ് ഡൽഹിയിലേക്ക് വന്നതാകാമെന്നാണ് അധികൃതർ കരുതുന്നത്. ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) രാജവെമ്പാലയെ ദുർബലമായ ഇനമായി പട്ടികപ്പെടുത്തിയിട്ടുണ്ട്.
വെസ്റ്റ് വൈൽഡ് ലൈഫ് ഡിവിഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രാജേഷ് ടണ്ടന്റെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്. 10 അടിയോളം നീളമുള്ള രാജവെമ്പാലയെ മരത്തിലാണ് കണ്ടത്. വനംവകുപ്പ് ഡൽഹി ഫയർ സർവീസസിനെ വിളിച്ച് രണ്ട് ഫയർ ടെൻഡറുകൾ അയച്ചു. ഹൈഡ്രോളിക് ഗോവണി ഉപയോഗിച്ചാണ് വന്യജീവി സംഘം പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്.















