തിരുപ്പതി: സനാതന ധർമ്മത്തെ സംരക്ഷിക്കുന്നതിനും, വിശ്വാസങ്ങളെ അവഹേളിക്കുന്ന പ്രവർത്തികൾ തടയുന്നതിനും വേണ്ടി കേന്ദ്രം നിയമനിർമാണം നടത്തണമെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തിരുപ്പതിയിൽ നടന്ന ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പവൻ കല്യാൺ. ഭാരതത്തിൽ എല്ലായിടത്തും ഈ നിയമം ഒരേപോലെ നടപ്പിലാക്കണമെന്നും പവൻ കല്യാൺ ആവശ്യപ്പെട്ടു.
” സനാതന ധർമ്മത്തേയും വിശ്വാസങ്ങളേയും അവഹേളിക്കുന്ന എല്ലാത്തരം പ്രവർത്തനങ്ങളും തടയണം. ഇതിനായി ദേശീയ തലത്തിൽ നിയമ നിർമാണം ആവശ്യമാണ്. ഈ നിയമം രാജ്യത്ത് എല്ലായിടത്തും ഒരേപോലെ നടപ്പിലാക്കണം. ഇതിന് മേൽനോട്ടം വഹിക്കുന്നതിനായി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സമിതികൾ രൂപീകരിക്കണം. ഈ സമിതിയുടെ പ്രവർത്തനങ്ങൾക്കായി വാർഷിക ഫണ്ട് അനുവഗിക്കണം.
സനാതന ധർമ്മത്തെ അവഹേളിക്കുകയോ അപകീർത്തിപ്പെടുത്തുകയോ വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്യുന്നവരോട് നമ്മൾ സഹകരിക്കേണ്ടതില്ല. ക്ഷേത്രങ്ങളിലെ വഴിപാടുകൾക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി സർട്ടിഫിക്കേഷൻ ഉറപ്പാക്കണം. ലഡ്ഡു പ്രസാദത്തിലെ ക്രമക്കേടുകൾക്ക് പുറമെ കഴിഞ്ഞ അഞ്ഛ് വർഷത്തിനിടെ നടന്ന എല്ലാത്തരം നിയമലംഘനെ കുറിച്ചും സംസ്ഥാന സർക്കാർ അന്വേഷണം നടത്തുമെന്നും” പവൻ കല്യാൺ അറിയിച്ചു.