തിരുപ്പതി: തിരുപ്പതി ലഡ്ഡു വിവാദത്തിൽ അന്വേഷണം പ്രത്യേക സംഘത്തിന് വിട്ട് സുപ്രീംകോടതി. ആന്ധ്രാപ്രദേശ് പൊലീസ്, സിബിഐ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന്റെ ഭാഗമാകും. കേസിൽ ഇന്ന് വാദം കേട്ട ശേഷമാണ് പുതിയ അന്വേഷണ സംഘത്തിന് രൂപം നൽകാൻ സുപ്രീംകോടതി നിർദേശിച്ചത്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സിബിഐയിൽ നിന്നും ആന്ധ്രപ്രദേശ് പൊലീസിൽ നിന്നും രണ്ട് വീതം അംഗങ്ങളും എഫ്എസ്എസ്എഐയിൽ നിന്ന് ഒരു അംഗവും അന്വേഷണ സംഘത്തിൽ ഉണ്ടാകും. സിബിഐ ഡയറക്ടർക്കായിരിക്കും അന്വേഷണ ചുമതലയെന്നും സുപ്രീംകോടതി അറിയിച്ചു. തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തിന് പിന്നാലെ സംസ്ഥാന സർക്കാർ ഒൻപത് അംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പിന്നീട് വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ടതോടെ ഈ അന്വേഷണം നിർത്തിവച്ചിരുന്നു.
പുതിയ അന്വേഷണ സംഘത്തിന് രൂപം നൽകിയത് സംസ്ഥാനം രൂപീകരിച്ച അന്വേഷണസംഘത്തിന് മേലുള്ള കടന്നുകയറ്റമല്ലെന്നും, കോടിക്കണക്കിന് വിശ്വാസികളുടെ വികാരത്തെ മാനിച്ചാണ് തീരുമാനമെന്നും കോടതി പറയുന്നു. അതേസമയം ഈ വിഷയം രാഷ്‌ട്രീയ നാടകത്തിന് വേദിയാക്കരുതെന്നും, ലക്ഷക്കണക്കിന് ഭക്തർക്ക് വിഷമമുണ്ടാക്കിയ സംഭവമാണിതെന്നും ചൂണ്ടിക്കാട്ടി. തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എങ്കിൽ വളരെ ഗൗരവത്തോടെ പ്രശ്‌നത്തെ കൈകാര്യം ചെയ്യണമെന്നും സുപ്രീംകോടതി പറഞ്ഞു.