കണ്ണൂർ: അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. വെടിവെപ്പിൻചാലിൽ ഇന്നലെയാണ് സംഭവം നടന്നത്. തലയിൽ ആഴത്തിൽ പരിക്കേറ്റ മൂന്നര വയസുകാരനെ ആശുപത്രിലെത്തിക്കാൻ അങ്കണവാടി ജീവനക്കാർ തയ്യാറായില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയാണ് കുട്ടി അങ്കണവാടിയിൽ വീണത്. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകാനായി ബന്ധുവെത്തിയപ്പോൾ തലയിലുള്ള മുറിവ് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ആഴത്തിലുള്ള മുറിവല്ലെന്നും വേണ്ട ചികിത്സ നൽകിയതായും അങ്കണവാടി ജീവനക്കാർ പറഞ്ഞതായി കുട്ടിയുടെ പിതാവ് പറഞ്ഞു.
രാത്രിയോടെ കുട്ടിക്ക് ശക്തമായ പനി അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സമീപത്തെ സർക്കാർ ആശുപത്രിയിലും ഇവിടെ നിന്നും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചു. കുട്ടിക്ക് ആഴത്തിലുള്ള മുറിവേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. നിലവിൽ ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടി ചികിത്സയിലാണ്.
ആഴത്തിൽ പരിക്കേറ്റ വിവരം തങ്ങളോട് പറയാതെ അങ്കണവാടി ജീവനക്കാർ കുട്ടിയുടെ തലയിൽ ചായപ്പൊടി വിതറി സ്വയം ചികിത്സ നൽകുകയായിരുന്നുവെന്ന് പിതാവ് ധനേഷ് ആരോപിച്ചു. ജീവനക്കാർക്കെതിരെ പരാതി നൽകുമെന്നും പിതാവ് പറഞ്ഞു.