ഡെറാഡൂൺ: ‘ഭാരത മണ്ണിൽ നിന്നുള്ള കൈലാസ ദർശനത്തിന്’ തുടക്കം കുറിച്ച് ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ്. പിത്തോരഗഡ് ജില്ലയിലെ ഓം പർവതം, പഴയ ലിപുലേഖ് കൊടുമുടിയിൽ നിന്ന് കൈലാസ പർവതവും തീർത്ഥാടകർക്ക് സന്ദർശിക്കാൻ അവസരമുണ്ടാകും.
തീർത്ഥാടകരുടെ ആദ്യ ബാച്ച് ഒക്ടോബർ രണ്ടിന് യാത്ര ആരംഭിച്ചു. പിറ്റേന്ന് സംഘം ഓൾഡ് ലിപുലേഖ് കൊടുമുടിയിൽ ഓം പർവതവും കൈലാസ പർവ്വതവും സന്ദർശിച്ചു. ഇന്ന് ഗുഞ്ചി പിത്തോരഗഡിൽ നിന്ന് ആദി കൈലാസ് സന്ദർശനത്തോടെ തീർത്ഥാടന യാത്ര പൂർണമാകും. വിമാന ടിക്കറ്റുകൾ ഉൾപ്പടെയാണ് പാക്കേജ്. അഞ്ച് പേരടങ്ങുന്ന സംഘമാണ് ആദ്യ ഘട്ടത്തിൽ യാത്ര പുറപ്പെട്ടത്.
ഭഗവാൻ ശിവൻ കുടിക്കൊള്ളുന്ന അഞ്ചിടങ്ങളിൽ മൂന്നെണ്ണം ഹിമാചൽ പ്രദേശിലും ആദി കൈലാസം ഉത്തരാഖണ്ഡിലും കൈലാസ പർവതം ടിബറ്റിലെ സ്വയം ഭരണ പ്രദേശത്തുമാണ്. ഇന്ത്യൻ മണ്ണിൽ നിന്ന് കൈലാസ പർവതം, ആദി കൈലാസം, ഓം പർവ്വതം എന്നിവ കാണാൻ അവസരമൊരുക്കുന്ന ആദ്യ പാക്കേജാണ് ഉത്തരാഖണ്ഡ് വിജയകരമായി പൂർത്തിയാക്കിയത്. കൈലാസ പർവതം വ്യക്തമായി കാണാവുന്ന സ്ഥലം അടുത്തിടെ സർക്കാരും ബിആർഒയും ഐടിബിപിയും ചേർന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടൂറിസം വകുപ്പ് ദർശനം ഉൾപ്പടെയുള്ള പാക്കേജ് ആരംഭിച്ചത്.