കോഴിക്കോട്: പി.വി അൻവറിനെതിരെ ആഞ്ഞടിച്ച് മുതിർന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ആഭ്യന്തരയുദ്ധം നടക്കുന്ന ആഫ്രിക്കൻ രാജ്യത്ത് അൻവർ നിക്ഷേപിച്ച 4,000 കോടി ആരുടെ പണമാണെന്നും എൻഐഎ കണ്ടെത്തുമെന്നും, അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിരന്തരം പ്രത്യക്ഷപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്ന അൻവർ ആരാ ഹരിചന്ദ്രനാണോയെന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു. അൻവർ ബിസിനസ് നടത്തുന്നത് ആഫ്രിക്കയിലെ സിയാറാ ലിയോണയിലാണ്. ആഭ്യന്തര യുദ്ധം നടക്കുന്ന പ്രദേശത്ത് ബിസിനസ് നടത്തുന്നയാളാണ് അൻവർ. തന്റെ ഷെയർ 4,000 കോടി രൂപയാണെന്ന് അൻവർ തന്നെ പറയുന്നു. ആക്രമം നടക്കുന്ന രാജ്യത്ത് പോയി 4,000 കോടി നിക്ഷേപിച്ചത് എന്ത് പണി എടുത്തിട്ടാണെന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു.
രാജ്യത്ത് നല്ല രീതിയിൽ ബിസിനസ് നടത്തി വളർന്നവരുണ്ട്. അവരുടെ വാർത്തകൾ ഫിനാൻഷ്യൽ എക്സ്പ്രസ് പോലുളള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യും. ഇത്രയും വലിയ ബിസിനസുകാരനായ അൻവറിനെ കുറിച്ച് രണ്ട് പാരഗ്രാഫിൽ ഇത്തരം വാർത്ത വന്നിട്ടുണ്ടോ എന്ന് ജനങ്ങൾ ചിന്തിക്കണം, അപ്പോൾ ആരുടെ പണമാണ് ആർക്ക് വേണ്ടിയാണ് അൻവർ അവിടെ നിക്ഷേപിച്ചത്.
പിണറായിയുടെ കൂടെയുള്ള കള്ളൻ ശിവശങ്കരനും എഡിജിപി അജിത്കുമാറും കൊടുവള്ളിയിലെ കാരാട്ട് റസാഖും ഈന്തപ്പഴത്തിന്റെ കുരുകളഞ്ഞ് സ്വർണ്ണം വെച്ച ജലീലും ചേർന്നാണ് കേരളത്തിലെ കളളക്കടത്ത് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത്. അൻവറിന്റെ പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ആഴ്ച മുമ്പ് എൻഐഎക്ക് പരാതി നൽകിയിട്ടുണ്ടെന്നും, ആരുടെ പണമാണ് ഇതെന്ന് എൻഐഎ കണ്ടെത്തുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.