പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിലൂടെ പോയ സ്‌കൂൾ വാഹനങ്ങൾക്ക് വക്കീൽ നോട്ടീസ്. ടോൾ വഴി സമീപപ്രദേശത്തെ സ്‌കൂളുകളിലേക്ക് സർവീസ് നടത്തിയ വാഹനങ്ങൾക്കാണ് പിഴ അടയ്‌ക്കാനുള്ള നോട്ടീസ് ലഭിച്ചത്. രണ്ട് ലക്ഷം രൂപ വരെ പിഴ അടയ്‌ക്കണമെന്നാണ് നിർദേശം.
ടോൾ കമ്പനിയായ തൃശൂർ എക്‌സ്പ്രസ് ലിമിറ്റഡിന്റെ പേരിലാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. മുപ്പതോളം വാഹന ഉടമകൾക്ക് ഇത്തരത്തിൽ നോട്ടീസ് ലഭിച്ചതായാണ് വിവരം. പന്നിയങ്കര ടോൾ പ്ലാസയിലൂടെ അനധികൃതമായി സർവീസ് നടത്തിയെന്നും നോട്ടീസിൽ പറയുന്നു. 2022 മാർച്ച് 9 മുതൽ 2024 സെപ്തംബർ ഒമ്പതാം തീയതി വരെയുള്ള കണക്കാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയിലധികവും 12% പലിശയും ഉൾപ്പെടെ 15 ദിവസത്തിനകം അടയ്‌ക്കണം എന്നാണ് നിർദ്ദേശം. ചിലർക്ക് 1,90,000-ത്തിനു മുകളിൽ ആണ് പിഴ ചുമത്തിയിരിക്കുന്നത്. അടയ്‌ക്കാത്ത പക്ഷം ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.















