ഇന്ത്യയിൽ ഒരു കപ്പലിൽ നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്നർ നീക്കമെന്ന നേട്ടം സ്വന്തമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഒരു കപ്പലിൽ നിന്ന് 10,330 കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. ട്രയൽ റൺ സമയത്താണ് ഇത്രയധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തതെന്നത് ശ്രദ്ധേയമാണ്.
സെപ്റ്റംബർ 27-ന് എത്തിയ എം.എസ്.സി അന്ന എന്ന കപ്പലിലെ കണ്ടെയ്നറുകൾ ഇറക്കിയാണ് നേട്ടം കരസ്ഥമാക്കിയത്. 399.98 മീറ്റർ നീളവും 58.6 മീറ്റർ വീതിയുമുള്ള അന്നയാണ് വിഴിഞ്ഞം തുറമുഖത്തടുത്ത ഏറ്റവും വലിയ രണ്ടാമത്തെ കപ്പലാണ്.
തുറമുഖത്ത് സ്ഥാപിച്ചിട്ടുളളതും ഓട്ടോമാറ്റഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതുമായ ക്രെയിനുകളുപയോഗിച്ച് കപ്പലുകളിൽ നിന്ന് കണ്ടെയ്‌നറുകൾ കരയിലേക്കും തിരികെ കപ്പലിലേക്കും കയറ്റിയതിനുശേഷം സെപ്തംബർ 30ന് കപ്പൽ ശ്രീലങ്കയിലെ കൊളംബോയിലേക്ക് മടങ്ങിയിരുന്നു. ട്രയൽ റണ്ണിൽ തന്നെ സ്വായത്തമാക്കിയ ഈ നേട്ടം വരും നാളുകളിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ വിഴിഞ്ഞത്തെ പ്രാപ്തമാക്കുമെന്ന് മന്ത്രി വിഎൻ വാസവൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.















