2013-ലുണ്ടായ ഗുരുതര അപകടമാണ് ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറിന്റെ ജീവിതം തലകീഴ് മറിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയും ജീവിതവും സംബന്ധിച്ച കാര്യങ്ങൾ ഇപ്പോഴും സ്വകാര്യമായി തുടരുകയാണ്. ഇതിനിടെ താരം 11 വർഷത്തിന് ശേഷം ഒരു പൊതു ചടങ്ങിൽ പങ്കെടുത്തെന്നുള്ള വിവരങ്ങളും പുറത്തുവന്നു.
മകൾ ജിന ഷൂമാക്കറുടെ വിവാഹത്തിലാണ് താരം പങ്കെടുത്തതെന്നാണ് സൂചന. ഇത് കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൻ ബെത്കെയാണ് കുതിര സവാരി താരമായ ജിന വിവാഹം ചെയ്തത്. അതേസമയം നിലവിലെ ആൽപൈൻ എഫ് 1 ടീം സൂപ്പർവൈസർ ഫ്ലാവിയോ ബ്രിയറ്റോറിന്റെ ഭാര്യ എലിസബെറ്റ ഗ്രിഗോറാസി ഷൂമാക്കർ എങ്ങനെ ആശയവിനിമയം നടത്തുന്നു എന്നതിനെക്കുറിച്ച് നടത്തിയ പരാമർശം ലോകശ്രദ്ധയാകർഷിച്ചു.
Express.co.uk പ്രകാരം, ഇറ്റാലിയൻ റിയാലിറ്റി ടിവി ഷോയായ ‘ഗ്രാൻഡ് ഫ്രാറ്റെല്ലോ’യിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. മൈക്കൽ സംസാരിക്കില്ല, കണ്ണുകളിലൂടെയാണ് ആശയ വിനിമയം നടത്തുന്നത്. മൂന്നുപേർക്ക് മാത്രമേ അദ്ദേഹത്തെ സന്ദർശിക്കാനാകൂ. ഇത് ആരോക്കെയാണെന്ന് എനിക്കറിയാം. അവർ സ്പെയിനിലേക്ക് മാറി. ഷൂമാക്കറുടെ ഭാര്യ വസതിയിൽ ഒരു ഹോസ്പിറ്റൽ സംവിധാനം ഒരുക്കിയിട്ടുണ്ട്..അവർ പറഞ്ഞു.
2013 ഡിസംബർ 29നാണ് ഷൂമാക്കറുടെ ജീവിതം ഇരുട്ടിലായത്. ആൽപ്സ് പർവത നിരയിലെ സ്കീയിംഗ് നടത്തുന്നതിനിടെയാണ് താരം അപകടത്തിൽപ്പെടുന്നത്. ആറുമാസത്തോളം അദ്ദേഹം അബോധാവസ്ഥയിലായിരുന്നു.















