ബെംഗളൂരു: മലിനജലം കുടിച്ച് ആയിരത്തോളം പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ഉപ്പുൻഡയിലാണ് സംഭവം. പ്രാദേശിക വാട്ടർ ടാങ്കിൽ നിന്ന് ശേഖരിച്ച വെള്ളം കുടിച്ചവർക്കാണ് ‘പണി’കിട്ടിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സതേടിയ എല്ലാവരുടെയും ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഉപ്പുൻഡ ഗ്രാമപഞ്ചായത്തിലെ കർകി കള്ളി, മഡികൽ വാർഡുകളിലെ ജനങ്ങളാണ് മലിന ജലം കുടിച്ചത്. ഇതിൽ ഭൂരിഭാഗമാളുകൾക്കും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. ഇവർ കുടിച്ച വെള്ളത്തിൽ സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായിരുന്നതായി പരിശോധനയിൽ കണ്ടെത്തി. ഏറെ അപകടകാരിയായ ബാക്ടീരിയയാണിത്.
വാട്ടർടാങ്ക് യഥാവിധം ശുചീകരിക്കാത്തതാണ് വെള്ളം മലിനമാകാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. വീഴ്ച സംഭവിച്ചത് ആർക്കാണെന്ന് അന്വേഷിച്ച് കണ്ടെത്തുമെന്നും നടപടി സ്വീകരിക്കുമെന്നും അധികൃതർ ജനങ്ങൾക്ക് ഉറപ്പുനൽകി.















