കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ കപ്പൽ അപകടത്തിൽ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മണലൂർ സ്വദേശി ഹനീഷ് ഹരിദാസാണ് (29) മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടിരുന്നു.
രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾക്ക് നിർദ്ദേശം ലഭിച്ചു. 10 മണിയോടെ സംസ്‌കാര ചടങ്ങുകൾ നടക്കും. ഹനീഷിന്റെ കൂടെയുണ്ടായിരുന്ന കണ്ണൂർ സ്വദേശി അമലിന്റെ മൃതദേഹം ഇതുവരെയും ലഭിച്ചിട്ടില്ല.
കഴിഞ്ഞമാസം നാലിനാണ് മുംബൈയിലെ ഏജൻസിയിൽ നിന്നും ഹനീഷിന്റെ പിതാവിനെ തേടി അപകട വാർത്തയെത്തിയത്. മകൻ സഞ്ചരിച്ച ഇറാൻ കപ്പൽ അപകടത്തിൽപെട്ടുവെന്നായിരുന്നു കോളിൽ നിന്ന് ലഭിച്ച വിവരം. സെപ്തംബർ 11-ന് ഡിഎൻഎ സാമ്പിൾ സ്ഥിരീകരിച്ചു കൊണ്ടുള്ള ഫലവുമെത്തി.
മരണപ്പെട്ടത് ഹനീഷാണെന്ന് സ്ഥിരീകരിച്ചതോടെ നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന ആവശ്യവുമായി സ്ഥലം എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിക്കും, പ്രധാനമന്ത്രിക്കും പിതാവ് ഹരിദാസ് നിവേദനം നൽകിയിരുന്നു.















