ഒരിടവേളയ്‌ക്ക് ശേഷം മാലദ്വീപിലേക്കുള്ള ബുക്കിംഗുകൾ പുനരാരംഭിച്ച് ഈസ്മൈട്രിപ്പ് (EaseMyTrip). ഇന്ത്യയും മാലദ്വീപും തമ്മിലുള്ള അസ്വാരസ്യങ്ങൾ കുറഞ്ഞതും നയതന്ത്രബന്ധം മെച്ചപ്പെട്ടതുമാണ് ബുക്കിംഗുകൾ പുനരാരംഭിക്കാൻ ഇടയാക്കിയതെന്ന് ട്രാവൽ ടെക് പ്ലാറ്റ്ഫോം അറിയിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ദ്വീപ് രാഷ്‌ട്രത്തിലേക്കുള്ള ബുക്കിംഗുകൾ EaseMyTrip നിർത്തിയത്.
നയതന്ത്രബന്ധത്തിൽ വിള്ളലുകൾ സംഭവിച്ചതിന് പിന്നാലെ മെയ് മാസത്തിൽ ചില ബുക്കിംഗുകൾ നടന്നിരുന്നുവെന്നും എന്നാൽ അവ ഉപേക്ഷിച്ചെന്നും ജൂണിൽ ഈസ്മൈട്രിപ്പ് സിഇഒ നിശാന്ത് പിട്ടി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രിയെയും ഇന്ത്യയെയും അപകീർത്തിപ്പെടുത്തി മൂന്ന് മാലദ്വീപ് മന്ത്രിമാർ പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈസ്മൈട്രിപ്പ് മാലദ്വീപിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗുകൾ നിർത്തി വച്ചത്. പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു കമ്പനിയുടെ നീക്കം.
മാലദ്വീപ് ടൂറിസം മന്ത്രാലയത്തിലെ പ്രതിനിധികളുമായി സംസാരിച്ചാണ് ബുക്കിംഗ് വീണ്ടും ആരംഭിക്കുന്നതെന്ന് സിഇഒ അറിയിച്ചു. രാജ്യത്തെ മികച്ച ട്രാവൽ കമ്പനിയെന്ന നിലയിൽ തങ്ങളുടെ കേന്ദ്ര സർക്കാരുമായി ചേർന്ന്, അവരുടെ കാഴ്ചപ്പാടിന് അനുസൃതമായി മാത്രമേ മുന്നോട്ട് പോകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സൗഹൃദത്തിലേക്കും ടൂറിസം മെച്ചപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും ലക്ഷ്യത്തിലേക്കുമുള്ള ചുവടുവയ്പ്പാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















