കോഴിക്കോട്: സൈബറാക്രമണത്തെ തുടർന്ന് ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കുമെന്ന് പൊലീസ്. കുടുംബത്തിന്റെ പരാതിയിൽ മനാഫിനെതിരെ കേസെടുക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് എഫ്‌ഐആറിൽ മനാഫിന്റെ പേര് ഉൾപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
മനാഫിന്റെ യൂട്യൂബ് വീഡിയോയ്‌ക്ക് താഴെ വരുന്ന കമന്റുകൾ തങ്ങളുടെ കുടുംബത്തെ അധിക്ഷേപിച്ചു കൊണ്ട് വലിയ രീതിയിൽ സൈബറാക്രമണം നടക്കുന്നുവെന്നാണ് അർജുന്റെ കുടുംബം നൽകിയ പരാതി. ഇതിൽ മനാഫിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അതിനാൽ മനാഫിനെ സാക്ഷിയാക്കി, മറ്റ് ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിച്ചു വരികയാണ്.
ഗംഗാവലി പുഴയിൽ നിന്നും അർജുന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മനാഫിന്റെ യൂട്യൂബ് ചാനലിൽ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം ദിനം പ്രതി വർദ്ധിച്ചിരുന്നു. പിന്നാലെ കുടുംബത്തിന് നേരെ സംഘടിത സൈബർ ആക്രമണവുമുണ്ടായി. ചാനലിന്റെ പ്രൊഫൈൽ ചിത്രം അർജുന്റേതാക്കിയും ലോറിക്ക് അർജുനെന്ന് പേരിടുമെന്ന് പറഞ്ഞും മനാഫ് രംഗത്തെത്തിയിരുന്നു. സൈബർ ആക്രമണം രൂക്ഷമായതോടെ കഴിഞ്ഞ ദിവസമാണ് അർജുന്റെ കുടുംബം മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്.
വൈകാരികത വിറ്റ് പണമുണ്ടാക്കാനാണ് മനാഫ് ശ്രമിക്കുന്നതെന്നും അർജുന് 75,000 രൂപ ശമ്പളം ലഭിച്ചിട്ടില്ലെന്നും കുടുംബം ആരോപിച്ചു. പിന്നാലെ അർജുന്റെ ഭാര്യ ഉൾപ്പെടെയുള്ളവർക്കെതിരെ മനാഫ് ഫാൻസ് സംഘടിത സൈബർ ആക്രമണം നടത്തുകയായിരുന്നു.















