ന്യൂയോർക്ക്: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തി അമേരിക്ക. ഹൂതി വിമതരുമായി ബന്ധമുള്ള 15ഓളം ഇടങ്ങളിലാണ് ആക്രമണങ്ങൾ നടത്തിയതെന്ന് യുഎസ് സൈന്യം അറിയിച്ചു. ആയുധ സംഭരണ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, സൈനിക ഔട്ട്‌പോസ്റ്റുകൾ എന്നിവിടങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഹൂതികളുടെ സൈനിക ശേഷിയെ ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്രമണം നടന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ചെങ്കടൽ വഴിയുള്ള സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും, ആക്രമണം നടത്താൻ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ഉപയോഗിച്ചതായി പെന്റഗൺ വ്യക്തമാക്കി. യെമന്റെ തലസ്ഥാനമായ സന ഉൾപ്പെടെ നിരവധി പ്രധാന നഗരങ്ങളിൽ സ്‌ഫോടനം ഉണ്ടായിട്ടുണ്ട്. നവംബർ മുതൽ ചെങ്കടൽ വഴി യാത്ര ചെയ്ത നൂറോളം കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം നടത്തിയിരുന്നു.
കഴിഞ്ഞ തിങ്കഴാഴ്ച യുഎസ് നിർമ്മിത എംക്യു-9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടതായി ഹൂതികൾ അവകാശപ്പെട്ടിരുന്നു. യുഎസ് സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. യുഎസ് സേനയുടെ കപ്പലുകൾക്ക് നേരെയും ഹൂതികൾ കഴിഞ്ഞ ആഴ്ച ആക്രമണശ്രമം നടത്തിയിരുന്നു. കപ്പലുകൾ ആക്രമിക്കുന്ന ദൃശ്യങ്ങളും ഹൂതികൾ പുറത്തുവിട്ടിരുന്നു.
ചെങ്കടൽ വഴി ചരക്കുഗതാഗതം തുടർന്നാൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് പല കപ്പൽ ഉടമകൾക്കും ഹൂതി വിമതർ നൽകിയിരിന്നു. ഇത് സംബന്ധിച്ച് കപ്പൽ ഉടമകൾക്ക് ഹൂതികൾ അയച്ച ഇ മെയിൽ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഹൂതികൾ ചെങ്കടൽ വഴി കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി വന്നിരുന്നത്. നവംബർ മുതൽ നൂറോളം ആക്രമണങ്ങൾ ഹൂതികൾ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. നാല് നാവികരെ കൊലപ്പെടുത്തുകയും ചെയ്തു. ചെങ്കടലിൽ ആക്രമണം കടുപ്പിക്കുമെന്ന ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് അമേരിക്കൻ സൈന്യം ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം കടുപ്പിച്ചത്.















