മലപ്പുറം: കേരളത്തിലെ ‘ശത്രു സ്വത്ത്’ ഏറ്റെടുക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്ക് തടസ്സം സൃഷ്ടിക്കാൻ സംഘടിതശ്രമം എന്ന് സംശയം. വിഭജനാനന്തരം പാകിസ്താൻ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കളാണ് ‘ശത്രു സ്വത്ത്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. സംസ്ഥാനത്ത് ഇത്തരം സ്വത്തുകൾ കൂടുതലായുള്ളത് മലപ്പുറം ജില്ലയിലാണ്.
മുസ്ലീം ലീഗ് എംഎൽഎ കെ.പി.എ മജീദിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കം നടക്കുന്നത്. മലപ്പുറം തിരൂരങ്ങാടിയിൽ എംഎൽഎ വിളിച്ച യോഗത്തിൽ നിയമപരമായ എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പു നൽകി. മണ്ഡലത്തിലെ 75 ഓളം കുടുംബങ്ങൾ പാക് പൗരന്മാരുടെ സ്വത്ത് കൈവശം വയ്ക്കുന്നുണ്ട്. നന്നമ്പ്രയിൽ 28, തെന്നലയിൽ 49, പരപ്പനങ്ങാടി, തിരൂരങ്ങാടി, പെരുമണ്ണ, എടരിക്കോട് എന്നിവിടങ്ങളിൽ ഓരോന്ന് വീതം കുടുംബങ്ങളുടെ പക്കലാണ് പാകിസ്താനിലേക്ക് കുടിയേറിയവരുടെ സ്ഥാവര സ്വത്തുള്ളത്.
ഇവരിൽ ചിലർക്ക് കേന്ദ്രസർക്കാരിന്റെ നോട്ടീസ് ലഭിച്ചു കഴിഞ്ഞു. നോട്ടീസിന് മറുപടി നൽകാൻ 15 ദിവസമാണ് സമയം നൽകിയിരിക്കുന്നത്. ഇവർക്ക് അഭിഭാഷകരെയും എംഎൽഎയാണ് ഏർപ്പാടാക്കി നൽകിയത്. ഓരോരുത്തരുടെയും പ്രശ്നങ്ങളും ഭൂമിയുടെ രീതിയും വ്യത്യസ്തമായാൽ എംപിമാരെയും കൂടി ചേർത്ത് വിപുലമായ യോഗം ചേരാനാണ് എംഎൽഎയുടെ നീക്കം.
2023 ലാണ് ശത്രു സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്. രാജ്യത്തുള്ള ശത്രു സ്വത്തുക്കളുടെ മൂല്യം 1.04 ലക്ഷം കോടിയോളം വരും. 12,611 സ്വത്തുവകകളാണ് ശത്രുരാജ്യക്കാരുടെ പേരില്‍ ഇന്ത്യയില്‍ ഉള്ളത്. ഇവയിൽ 12,485 എണ്ണം പാക് പൗരന്മാരുമായും 126 എണ്ണം ചൈനീസ് പൗരന്മാരുമായും ബന്ധപ്പെട്ടവയാണ്. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിനുശേഷം രൂപം നല്കിയ എനിമി പ്രോപ്പര്‍ട്ടി ആക്റ്റ് പ്രകാരമാണ് ഈ സ്വത്തുക്കള്‍ പരിപാലിക്കപ്പെടുന്നത്. കഴിഞ്ഞ സെപ്തംബറിൽ പാകിസ്താൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ യുപിയിലെ കുടുംബസ്വത്ത് കേന്ദ്രസർക്കാർ വിറ്റഴിച്ചിരുന്നു.