ന്യൂഡൽഹി: വിൽപ്പനയിൽ റെക്കോർഡിട്ട് രാജ്യത്തെ ജൻ ഔഷധി കേന്ദ്രങ്ങൾ. സെപ്തംബറിൽ മാത്രം രാജ്യത്തെ 13,822 ജൻ ഔഷധി കേന്ദ്രങ്ങൾ വഴി 200 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ 6,100 കോടി രൂപയുടെ മരുന്നുകളാണ് ജൻ ഔഷധി സ്റ്റോറുകൾ ജനങ്ങളിലേക്ക് എത്തിച്ചത്. ബ്രാൻഡഡ് മരുന്നുകളെ അപേക്ഷിച്ച് 3,000 കോടി രൂപ ജൻഔഷധി വഴി ജനങ്ങൾക്ക് ലാഭിക്കാനായി. 2023 സെപ്റ്റംബറിലെ 141 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. വർഷം തോറും 42 ശതമാനമാണ് വളർച്ച. പ്രതിദിനം 10 ലക്ഷം പേർ ജൻ ഔഷധി കേന്ദ്രങ്ങളിൽ നിന്ന് മരുന്നുകൾ വാങ്ങുന്നുണ്ടെന്നും കേന്ദ്രസർക്കാറിന്റെ റിപ്പോർട്ടിൽ പറയുന്നു.
ജൻഔഷധി വഴിയുള്ള ജനറിക് മരുന്നുകളുടെ വിലനിലവാരം ബ്രാൻഡഡ് മരുന്നുകളെ അപേക്ഷിച്ച് 50 ശതമാനത്തിൽ താഴെയാണ്. ശസ്ത്രക്രിയാ ഉപകരണങ്ങൾ, ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില വിപണി വിലയിൽ നിന്ന് 50 മുതൽ 80 ശതമാനം വരെ കുറവാണ്.
ഗുണമേന്മയുള്ള മരുന്നുകൾ താങ്ങാവുന്ന വിലയിൽ, ലഭ്യമാക്കാനായി ആരംഭിച്ചതാണ് ജൻഔഷധി കേന്ദ്രങ്ങൾ. ജനറിക് മരുന്നുകളായാണ് ജൻ ഔഷധി കേന്ദ്രങ്ങളിൽ വിൽപനക്കെത്തുന്നത്. ഇന്ത്യൻ സ്ത്രീകളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പെന്ന നിലയിൽ, ഒരു പാഡിന് 1 രൂപയ്‌ക്ക് മാത്രം വിലവരുന്ന സുവിധ ഓക്‌സോ-ബയോഡീഗ്രേഡബിൾ സാനിറ്ററി നാപ്കിനുകൾ 2019 ഓഗസ്റ്റ് 27-ന് പുറത്തിറക്കി.















