ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദമായ രീതിയിൽ നിർമിക്കുന്നതും റീസൈക്ലിംഗ് സാധ്യത കൂടുതലുള്ളതുമായ ഉത്പന്നങ്ങൾക്ക് ‘ഇക്കോ മാർക്ക്’ നൽകാൻ കേന്ദ്രം. ഇനി നിത്യോപയോഗ സാധനങ്ങൾ മുതൽ ഇലക്ട്രോണിക് ഉത്പന്നങ്ങൾ വരെ ഇനി വിപണിയിലെത്തുന്നത് പ്രത്യേക ഇക്കോ മാർക്കോടെയാകും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇത് സംബന്ധിച്ച് വിശദമായ ചട്ടങ്ങൾക്ക് രൂപം നൽകി.
ഉത്പന്നങ്ങൾക്ക് ഇക്കോ മാർക്ക് നൽകുന്ന 1991-ലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്. ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ, നിർമാണ പ്രക്രിയ എന്നിവയിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ തോത് പരിശോധിച്ചാണ് ലൈസൻസ് നൽകുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് ആക്ടിന് അനുസൃതമായാണ് ചട്ടങ്ങൾക്ക് രൂപം നൽകിയത്.
നിർമാതാക്കൾ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് അപേക്ഷ നൽകിയാൽ ഇക്കോ മാർക്ക് നേടാം. ബോർഡ് ആവശ്യമായ പരിശോധന നടത്തി നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തി സ്റ്റിയറിംഗ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകും. കേന്ദ്ര പരിസ്ഥിതി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഈ കമ്മിറ്റിയാണ് ഇക്കോ മാർക്കിന് ശുപാർശ ചെയ്യുന്നത്. മൂന്ന് വർഷമാണ് ലൈസൻസ് കാലാവധി. ശേഷം വീണ്ടും അപേക്ഷിക്കേണ്ടതാണ്. നിബന്ധനകളിൽ വീഴ്ച വരുത്തിയാൽ ലൈസൻസ് റദ്ദാക്കും. ലൈസൻസിന് അപേക്ഷിക്കാനും പുതുക്കുന്നതിനും പ്രത്യേക വെബ്സൈറ്റ് ഉടൻ ആരംഭിക്കും.