റഷ്യയുടെ ചാര തിമിംഗലം എന്ന പേരിൽ വൈറലായ ‘ വ്ളാഡിമറി’ന്റെ മരണത്തിന്റെ ദുരൂഹത അഴിയുന്നു. ബെലുഗ തിമിംഗലമായ ‘ വ്ളാഡിമർ’ അണുബാധ മൂലമാണ് മരിച്ചതെന്നും വെടിയേറ്റതിന്റെ മുറിവുകളുണ്ടായിരുന്നില്ലെന്നും നോർവീജിയൻ പൊലീസ് പറഞ്ഞു.
വ്ളാഡിമറിന്റെ വായിൽ നിന്നും ഒരു വടി കുടുങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നുണ്ടായ മുറിവാണ് അണുബാധയ്ക്ക് കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ടും പൊലീസും നടത്തിയ പരിശോധനയിൽ വെടിയുണ്ടകളോ മറ്റ് ലോഹത്തിന്റെ അംശങ്ങളോ കണ്ടെത്താൻ സാധിച്ചില്ല. വ്ളാഡിമറിന്റെ അസ്ഥി അഗ്ദറിലെ യുഐഎ സർവകലാശാലയിലെ നേച്ചർ മ്യൂസിയത്തിനും ബൊട്ടാണിക്കൽ ഗാർഡനും നൽകാൻ ഫിഷറീസ് ഡയറക്ടറേറ്റ് തീരുമാനിച്ചതായും പൊലീസ് പറഞ്ഞു.
ഓഗസ്റ്റ് 31-നാണ് വ്ളാഡിമർ തിമിംഗലം കൊല്ലപ്പെട്ടത്. 15 വയസായിരുന്നു. വ്ളാഡിമർ ഔദ്യോഗിക ചാരനാണെന്ന് റഷ്യ ഇതുവരെയും സമ്മതിച്ചിട്ടില്ലെങ്കിലും പലപ്പോഴായി ഇതിനെ സാധൂകരിക്കുന്ന പല തെളിവുകളും പുറത്തുവന്നിരുന്നു. മനുഷ്യരുമായി ഏറെ ഇണക്കമുള്ള ബെലുഗ ഇനത്തിൽപെട്ട തിമിംഗലത്തെ ചാരൻ എന്ന വിളിക്കാൻ കാരണങ്ങളുണ്ട്. ഒരു പ്രത്യക കവചം അവന്റെ ശരീരത്തിൽ ഉണ്ടായിരുന്നു.
അതിന്റെ ഇരുവശത്തും ഗോപ്രോ ക്യാമറകൾ ഘടിപ്പിച്ചിരുന്നു. അതിൽ എക്വിപ്മെന്റ് ഓഫ് സെന്റ് പീറ്റേഴ്സ്ബർഗ് എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. ഇതാണ് വ്ളാഡിമറിനെ ചാരവൃത്തിക്കായി ഉപയോഗിക്കുന്നതാകാമെന്ന അഭ്യൂഹം ശക്തമാക്കിയത്. നോർവീജിയൻ തീരത്താണ് വ്ളാഡിമറിനെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മൃഗസംരക്ഷണ പ്രവർത്തകർ മുന്നോട്ടു വരികയായിരുന്നു.