കോഴിക്കോട്: ഗൂഗിൾ പേ വഴി പണം അയച്ചതിന്റെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തിയ രണ്ട് പേർ പിടിയിൽ. കോഴിക്കോട് നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുറ്റിക്കാട്ടൂർ സ്വദേശിനി അനീഷ (18) എന്നിവരാണ് പിടിയിലായത്. ഇവരെ കോഴിക്കോട് കസബ പൊലീസാണ് അറസ്റ്റ് ചെയ്തത്.
എടിഎം കൗണ്ടറിൽ നിന്ന് പണം പിൻവലിക്കാൻ വരുന്നവരാണ് ഇവരുടെ തട്ടിപ്പിന് ഇരയായിരുന്നത്. കയ്യിൽ നിന്ന് പണം വാങ്ങി പകരം ഗൂഗിൾ പേയിൽ അയച്ചുകൊടുക്കുന്നതായി കബളിപ്പിച്ചായിരുന്നു തട്ടിപ്പ്. പണം അയച്ചുവെന്ന് ബോധ്യപ്പെടുത്താൻ വ്യാജ സ്ക്രീൻ ഷോട്ട് കാണിക്കുമായിരുന്നു. ഇത്തരത്തിൽ പലരും ഇവരുടെ തട്ടിപ്പിന് ഇരയായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കോഴിക്കോട് കെഎസ്ആർടിസി സ്റ്റേഷന് സമീപത്തെ എടിഎം കൗണ്ടറിൽ പണമെടുക്കാൻ വന്നയാളെ സമാനമായി പറ്റിക്കാൻ ശ്രമിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്.
പ്രതികളിലൊരാളായ ഷമീമിനെതിരെ വേറെയും കേസുകളുണ്ട്. കവർച്ച, ലഹരിമരുന്ന് ഉപയോഗം, വഞ്ചന, പോക്സോ തുടങ്ങിയ വകുപ്പുകളിൽ പത്തോളം കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.















