ന്യൂഡൽഹി: വിവാദ ഇസ്ലാമത പ്രഭാഷകനും പിടികിട്ടാപ്പുള്ളിയുമായ സാക്കീർ നായിക്കിന്റെ ‘എക്സിന് അക്കൗണ്ടിന് ഇന്ത്യ വിലക്കേർപ്പെടുത്തി. പാകിസ്താൻ സാക്കീറിന് ആദരിച്ച രീതിയെ വിദേശകാര്യ മന്ത്രാലയം അപലപിച്ച് മണിക്കൂറുകൾക്കകമാണ് നീക്കം.
ഒരു ഇന്ത്യൻ പിടികിട്ടാപ്പുള്ളിക്ക് പാകിസ്തനിൽ ഊഷ്മള സ്വീകരണം ലഭിച്ചതിൽ അതിശയമില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇത് നിരാശാജനകവും അപലപനീയവുമാണ്, അതേ സമയം ഇന്ത്യയ്‌ക്ക് ഇതിൽ ആശ്ചര്യം തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാക്കിര്‍ നായിക്കിന്റെ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യത്തിന് പാകിസ്താനിലേക്ക് യാത്ര ചെയ്തത് ഏത് പാസ്പോര്‍ട്ട് ഉപയോഗിച്ചാണെന്ന് അറിയില്ലെന്നായിരുന്നു ജയ്സ്വാളിന്റെ മറുപടി.
ഒരു മാസത്തെ സന്ദർശനത്തിനായി സർക്കാരിന്റെ ക്ഷണപ്രകാരം ചൊവ്വാഴ്ചയാണ് സാക്കീര്ർ പാകിസ്താനിൽ എത്തിയത്. നായിക്കിന് ചുവന്ന പരവതാനി വിരിച്ചാണ് പാകിസ്താൻ സ്വീകരിച്ചത് പിന്നാലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ഒരു മാസത്തെ സന്ദർശന വേളയിൽ, ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിൽ സാക്കീർ മതപ്രസംഗങ്ങളുടെ ഒരു പരമ്പര തന്നെ നടത്തുമെന്ന് പാക് പത്രമായ ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.
കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷ പ്രസംഗങ്ങളിലൂടെ തീവ്രവാദം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിരവധി കേസുകളിൽ ഇന്ത്യ തിരയുന്ന പ്രതിയാണ് സാക്കിർ നായിക്ക്. 2016ൽ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ നിരോധിച്ചതിന് പിന്നാലെയാണ് സക്കീർ നായിക്ക് ഇന്ത്യ വിട്ടത്. ഇന്ത്യയിലും വിദേശത്തുമുള്ള മുസ്ലീം യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചെന്ന കേസും സക്കീർ നായിക്കിന്റെ പേരിൽ നിലനിൽക്കുന്നുണ്ട്.
2017 മുതൽ സാക്കീർ മലേഷ്യയിലാണ് കഴിയുന്നത്. 2019ൽ മലേഷ്യയിൽ പൊതു പ്രസംഗങ്ങൾ നടത്തുന്നതിൽ നിന്നും സാക്കീർ നായിക്കിനെ വിലക്കിയിരുന്നു. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ സാക്കീർ നായിക്കിന്റെ പീസ് ടിവിക്ക് നിരോധനമുണ്ട്. സാക്കിർ നായിക്കിനെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും മലേഷ്യ ഇതുവരെ വഴങ്ങിയിട്ടില്ല.















