മലയാള സിനിമാ മേഖലയുടെ റീ റിലീസ് യുഗത്തിൽ പ്രേക്ഷകരെ കൈയ്യിലെടുക്കാൻ ഒരു ജയൻ ചിത്രം എത്തുന്നു. മലയാളത്തിന്റെ പ്രിയ നടൻ ജയന്റെ മീൻ എന്ന ഹിറ്റ് സിനിമയാണ് റീ റിലീസിനെത്തുന്നത്. 1980-ൽ പുറത്തിറങ്ങിയ സിനിമയാണ് പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ വീണ്ടും തിയേറ്ററുകളിലെത്തുന്നത്.
മോഹൻലാലിന്റെ സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ എന്നീ സിനിമകൾ റീ റിലീസിലൂടെ കോടികളാണ് സ്വന്തമാക്കിയത്. റീ റിലീസ് കാലത്ത് ആദ്യമായാണ് 80 കളിലെ ഒരു സിനിമ എത്തുന്നത്. ടി ദാമോദരൻ തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത അന്നത്തെ സൂപ്പർ ഹിറ്റ് സിനിമയാണ് മീൻ. മധു, ശ്രീവിദ്യ, സീമ, അടൂർ ഭാസി, ശങ്കരാടി, അംബിക, ബാലൻ കെ നായർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. ഇന്നും പുതുതലമുറയുടെ ഇഷ്ടഗാനമായ ഉല്ലാസപൂത്തിരികൾ കണ്ണിലണിഞ്ഞവളേ എന്ന പാട്ട് ഈ ചിത്രത്തിലേതാണ്. സംഗീതമേ നിൻ പൂഞ്ചിറകിൽ എന്നോമലാൾ തൻ കണ്ണീരോ എന്ന മറ്റൊരു ഗാനവും സൂപ്പർ ഹിറ്റായിരുന്നു.
2K ദൃശ്യവിരുന്നിൽ 5.1ഡോൾബി അറ്റ്മോസ് ശബ്ദ മികവോടെയാണ് ജയൻ ചിത്രം വർഷങ്ങൾക്കിപ്പുറം ബിഗ്സ്ക്രീനിൽ എത്തുന്നത്. ചെന്നൈയിലും മുംബൈയിലുമായി സിനിമയുടെ റീമാസ്റ്ററിംഗ് നടക്കുന്നുവെന്നാണ് വിവരം. മലയാള സിനിയിൽ 80-കളിൽ നിറഞ്ഞുനിന്ന സൂപ്പർ സ്റ്റാറിന്റെ സിനിമ വീണ്ടും തിയേറ്ററിലെത്തുന്നതിന്റെ സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ.















