ഷിംല: ഹിമാചൽ പ്രദേശിലെ സാൻജൗലി മസ്ജിദിന്റെ മൂന്ന് നിലകൾ പൊളിച്ചുമാറ്റണമെന്ന് കോടതി ഉത്തരവ്. രണ്ട് മാസത്തിനുള്ളിൽ പൊളിക്കണമെന്ന് സാൻജൗലി മസ്ജിദ് കമ്മിറ്റിയോട് കോടതി നിർദേശിച്ചു. ഷിംലയിലെ മുൻസിപ്പൽ കമ്മീഷണർ കോടതിയുടേതാണ് ഉത്തരവ്.
കേസിൽ ഡിസംബർ 21-ന് വീണ്ടും വാദം കേൾക്കും. മസ്ജിദ് പൊളിക്കുന്നതിന്റെ ചെലവ് കമ്മിറ്റി വഹിക്കണമെന്നും കോടതി നിർദേശിച്ചു. ഇത് ഇടക്കാല ഉത്തരവാണെന്നും അന്തിമ തീരുമാനം അടുത്ത വാദത്തിന് ഉണ്ടാകുമെന്നും വഖഫ് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ ബി എസ് താക്കൂർ പറഞ്ഞു.
അനുമതി ഇല്ലാതെയാണ് മസ്ജിദ് നിർമിച്ചതെന്ന് ആരോപിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒരു നിലയ്‌ക്ക് മാത്രം അനുമതി വാങ്ങി അഞ്ച് നിലയിലായിരുന്നു പളളിയുടെ നിർമാണം. പ്രദേശത്തെ ജനസംഖ്യാ സന്തുലിതാവസ്ഥ തകർക്കുന്ന നീക്കമാണെന്നും പളളിയുടെ നിർമാണത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം സംഘർഷത്തിലേക്കും നീങ്ങിയിരുന്നു.
നിയമലംഘനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ അനുവദനീയമായ രീതിയിൽ അല്ലാതെ പണിത ഭാഗങ്ങൾ പൊളിച്ചുനീക്കാൻ മോസ്‌ക് കമ്മിറ്റി കോടതിയുടെ അനുമതി തേടുകയായിരുന്നു. കോടതി മോസ്‌ക് കമ്മിറ്റിയുടെ സബ്മിഷൻ അംഗീകരിച്ചാണ് രണ്ട് മാസത്തെ സമയം പൊളിക്കാനായി അനുവദിച്ചത്. കഴിഞ്ഞ ദിവസം മാണ്ഡിയിലും പ്രതിഷേധമുണ്ടായിരുന്നു. പ്രതിഷേധം കനത്തതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.















