ഹിസ്ബുള്ള ഭീകരർക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. തെക്കൻ ബെയ്റൂട്ടിൽ ഡസൻ കണക്കിന് മിസൈലുകൾ തൊടുത്തുവിട്ടു. ആദ്യമായി പാലസ്തീൻ അഭയാർത്ഥ ക്യാമ്പിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി. സംഘർഷത്തിന് പിന്നാലെ ആയിരക്കണക്കിന് പേരാണ് ലെബനനിൽ നിന്ന് പലായനം ചെയ്യുന്നത്.
ഇന്നലെ രാത്രി ആരംഭിച്ച ആക്രമണത്തിൽ ഏകദേശം അര മണിക്കൂറോളമാണ് മിസൈലുകൾ കുതിച്ചെത്തിയതെന്ന് ലെബനീസ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വടക്കൻ ബെഡ്ദാവി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ സൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥനും ഭാര്യയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ടതായി ഭീകരസംഘടന അറിയിച്ചു. ഹമാസിന്റെ സൈനിക വിഭാഗത്തിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ വധിച്ചതായി ഇസ്രായേൽ സൈന്യവും അറിയിച്ചു.
ഇസ്രായേലിലേക്ക് 200-ഓളം മിസൈലുകൾ ഹിസ്ബുള്ള തൊടുത്തുവിട്ടിരുന്നു. കൂടുതൽ ആക്രണമത്തിന് ഹിസ്ബുള്ള തയ്യാറെടുക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇസ്രായേൽ ആക്രമണം കടുപ്പിച്ചത്. ഹിസ്ബുള്ള ഭീകരർ ഉൾപ്പടെ 1,400 -ഓളം പേരെയാണ് ഇസ്രായേൽ ഇതുവരെ വധിച്ചത്. 1.2 ദശലക്ഷം പേരാണ് രണ്ടാഴ്ച കൊണ്ട് പലായനം ചെയ്തത്. കര മാർഗം ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഇതുവരെ വിവിധ റാങ്കുകളിലുള്ള 30 കമാൻഡർമാർ ഉൾപ്പെടെ 440-ലധികം ഹിസ്ബുള്ള ഭീകരരെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ജനങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികളും ഐഡിഎഫ് ഊർജ്ജിതമാക്കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭീഷണി സന്ദേശത്തിന് പിന്നാലെയാണ് സംഘർഷം കലുഷിതമായത്.















