ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായി ഒരു ടണ്ണിലേറെ സ്വർണമുണ്ടെന്ന് റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ സ്വർണ നിക്ഷേപ പദ്ധതിയിൽ മാത്രം 869 കിലോ സ്വർണമാണ് ദേവസ്വം നിക്ഷേപിച്ചിരിക്കുന്നത്. എസ്ബിഐയുടെ നാല് സ്വർണ നിക്ഷേപ പദ്ധതികളിലായാണ് ഇത് നിക്ഷേപിച്ചിരിക്കുന്നത്.
സ്ഥിരനിക്ഷേപം, സ്വർണ നിക്ഷേപം എന്നിവ വഴി എസ്ബിഐയിൽ നിന്ന് മാത്രം കഴിഞ്ഞ സാമ്പത്തിക വർഷം 7 കോടിയിലേറെ രൂപ പലിശയിനത്തിൽ ദേവസ്വത്തിന് ലഭിച്ചു. മുൻവർഷങ്ങളിൽ ആറര കോടിയിലേറെ രൂപയാണ് പലിശ ലഭിച്ചിരുന്നത്. നിത്യോപയോഗ വകയിൽ 141.16 കിലോ സ്വർണമാണ് ദേവസ്വത്തിന്റെ കൈവശമുള്ളത്. കല്ലുകൾ പതിച്ച 73.93 കിലോ സ്വർണാഭരണങ്ങളും ദേവസ്വത്തിനുണ്ട്.
ഗുരുവായൂർ ദേവസ്വത്തിന് വിവിധ ദേശസാൽകൃത ബാങ്കുകളിലായി 2053 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഉണ്ട്. 271 ഏക്കർ ഭൂമിയും സ്വന്തമായുണ്ട്. എന്നാൽ ഇതുവരെ സ്വത്തുക്കളുടെ മൂല്യനിർണയം നടത്തിയിട്ടില്ല. ഇത് സംബന്ധിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.















