മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിന് പിന്നാലെ മുസ്ലിം ലീഗ് നേതാക്കളും കെ. ടി ജലീലും തമ്മിൽ പോര് തുടരുന്നു. കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്നേഹവും ഒലിപ്പിക്കുന്നവരോട്! എന്ന തലക്കെട്ട ജലീൽ എഴുതിയ കുറിപ്പാണ് പോരിന് ആധാരം.
” കരിപ്പൂർ എയർപോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണക്കടത്തിൽ പിടികൂടപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തിൽ പെടുന്നവരാണ്. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്കരണവും പുരോഗതിയുമാണ് മുസ്ലിം സമുദായത്തിൽ നടത്താൻ “മലപ്പുറം പ്രേമികൾ” ഉദ്ദേശിക്കുന്നത്? സ്വർണ്ണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്ലിങ്ങളിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് “ഇതൊന്നും മതവിരുദ്ധമല്ല” എന്നാണ്. അത്തരക്കാരെ ബോധവൽക്കരിക്കാൻ ഖാളിമാർ തയ്യാറാകണമെന്ന് പറഞ്ഞാൽ അതെങ്ങിനെയാണ് “ഇസ്ലാമോഫോബിക്ക്” ആവുക? അവനവന്റെ കണ്ണിലെ കുന്തം കാണാതെ ആരാന്റെ കണ്ണിലെ കരട് കാണുന്നവരെ കുറിച്ച് സമൂഹത്തിന് പുച്ഛമാണുണ്ടാവുക.
സ്വർണ്ണക്കള്ളക്കടത്ത് മതവിരുദ്ധമാണെന്ന് പറയാൻ ഖാളിമാർ തയ്യാറാവണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ എന്തിനാണിത്ര ഹാലിളക്കം? ഞാൻ പറഞ്ഞത് ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടിനോടല്ല. എന്റെകൂടി “ഖാളി”യോടാണ്.
എല്ലാറ്റിനേയും മതത്തിന്റെ കണ്ണാടിയിലൂടെ മുടിനാരിഴകീറി പരിശോധിക്കുന്നവർ സ്വർണ്ണക്കടത്തും ഹവാലയും മതവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാൻ തയ്യാറാകാത്തതിന്റെ “ഗുട്ടൻസ്” ബുദ്ധിയുള്ളവർക്ക് തിരിയുമെന്നാണ്”, ജലീൽ പറഞ്ഞു.
ഇതിന് പിന്നാലെ ജലീലിന്റെ വാക്കുകളെ നികൃഷ്ടമെന്ന് വിളിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്ത് വന്നു. കള്ളക്കടത്ത് മുഴുവൻ നടത്തുന്നത് മുസ്ലിം സമുദായം മാത്രമാണ് എന്ന് പ്രതീതി ഉണ്ടാക്കുന്നതാണ് ജലീലിന്റെ വാക്കുകെന്ന് പിഎംഎ സലാം പറഞ്ഞു.