33 വർഷങ്ങൾക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒരുമിക്കുന്ന ചിത്രം വേട്ടയാന്റെ കേരളത്തിലെ ബുക്കിംഗ് ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിമുതലാണ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ചിത്രം തിയേറ്ററിലെത്താൻ നാല് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. രജനികാന്തിന്റെ മാസ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തിയുള്ള ട്രെയിലർ ആരാധകർ ഏറ്റെടുത്തിരുന്നു. വേട്ടയാന്റെ പ്രഖ്യാപനം മുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരെ, ഒട്ടും നിരാശപ്പെടുത്താതെയാണ് ചിത്രം എത്തുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ട്രെയിലർ.
ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, അഭിരാമി, സാബുമോൻ എന്നീ മലയാള താരങ്ങളും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജയ് ഭീം എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ സംവിധായകൻ ടി കെ ജ്ഞാനവേലാണ് ചിത്രം ഒരുക്കുന്നത്.
ചിത്രത്തിൽ രജനികാന്ത് പൊലീസ് വേഷത്തിലും അമിതാഭ് ബച്ചൻ ചീഫ് പൊലീസ് ഓഫീസറുടെ വേഷത്തിലുമാണ് എത്തുന്നത്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമാണം.















