പാലക്കാട്: കോളോജിലെ മാഗസിൻ പ്രകാശന ചടങ്ങിലേക്ക് വിളിച്ചുവരുത്തി അപമാനിച്ച സംഭവം ജീവിത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നുവെന്ന് നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ്. വേദിയിൽ തന്നോടൊപ്പം ഉണ്ടായിരുന്ന മറ്റ് താരങ്ങൾക്കുണ്ടായ അപമാനമാണ് തന്നെ കൂടുതലും വേദനിപ്പിച്ചതെന്നും ബിബിൻ ജോർജ് പറഞ്ഞു. വളാഞ്ചേരി എംഇഎസ് കെവിഎം കോളജിലെ മാഗസിൻ പ്രകാശനത്തിന് എത്തിയപ്പോഴാണ് ബിബിൻ ജോർജിനും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർക്കും മോശം അനുഭവം ഉണ്ടായത്.
എന്നെ അപമാനിച്ചിറക്കിവിട്ട അദ്ധ്യാപകനോട് യാതൊരു പരിഭവവുമില്ല. എന്നോട് അങ്ങനെ പെരുമാറിയത് ശരിയാണോ എന്ന് അദ്ദേഹം സ്വയം ചിന്തിക്കട്ടെ. യൂണിയൻകാരാണ് എന്നെ വിളിച്ചത്. കാശ് കുറവാണ് വരുമോയെന്ന് ചോദിച്ചു. പ്രമോഷന്റെ പരിപാടി കൂടി ഉണ്ടല്ലോ എന്ന് വിചാരിച്ചാണ് ഞാൻ പോയത്.
കോളേജിലേക്ക് പോയപ്പോൾ വേദിയിൽ സാധാരണയിൽ കവിഞ്ഞ അലങ്കാരങ്ങളോ ലൈറ്റുകളോ ഒന്നും ഉണ്ടായിരുന്നില്ല. പ്രകാശന ചടങ്ങ് കഴിഞ്ഞ് ഞാൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ, നിങ്ങൾ പ്രകാശനം മാത്രം ചെയ്താൽ മതി വെറെ പരിപാടികളൊന്നും ചെയ്യേണ്ടെന്ന് പറഞ്ഞു.
എന്നെ അപമാനിച്ചതിൽ എനിക്ക് ഒരു വിഷമവുമില്ല. പക്ഷേ, ഞാൻ വിളിച്ചുകൊണ്ട് പോയ മറ്റ് താരങ്ങളെയും അപമാനിച്ചതാണ് സഹിക്കാൻ കഴിയാത്ത വിഷമമായത്. എല്ലാവരും മനുഷ്യനാണ്. എല്ലാവർക്കും തെറ്റുപറ്റും. തനിക്ക് ആരോടും ഒരു പരിഭവവുമില്ലെന്ന് ബിബിൻ ജോർജ് പറഞ്ഞു.
ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നേരിട്ട സൈബറാക്രമണങ്ങളെ പരാമർശിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കാത്തതിനെ കുറിച്ച് ബിബിൻ തുറന്നുപറഞ്ഞത്.