തിരുവനന്തപുരം: കേരള കോൺഗ്രസ്(ബി) ഒരുമാസം മുമ്പ് നിർമിച്ച് നൽകിയ വീട് ചോർന്ന് ഒലിക്കുന്നു. മാറനല്ലൂർ സ്വദേശിയായ സൈമൺ നാടാർക്കായി പാർട്ടി നിർമിച്ച വീടിന്റെ താക്കോൽ ദാനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറാണ് നിർവഹിച്ചത്. കേരള കോൺഗ്രസ്(ബി) യുടെ സജീവ പ്രവർത്തകനാണ് സൈമൺ.
രണ്ട് വർഷമായി പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടിമറച്ചാണ് സൈമൺ കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് പാർട്ടി പ്രവർത്തകന് വീട് നിർമിച്ച് നൽകാൻ ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്. കാര്യമായി സൗകര്യമില്ലാത്ത വീടിന് കനം കുറഞ്ഞ് സിങ്ക് ഷീറ്റാണ് മേൽക്കൂരയായി ഉപയോഗിച്ചത്. ആവശ്യത്തിന് ചരിവ് നൽകാതെ ഇട്ട ഷീറ്റിന് പാത്തിപോലും വെച്ചില്ല.
ഇതോടെ ദിവസങ്ങൾ കഴിയുന്നതിന് മുമ്പ് വീടാകെ ചോർന്നൊലിച്ച് സൈമണിന് താമസിക്കാൻ കഴിയാത്ത സ്ഥിതിയായി. തുടർന്ന് വീടിന് സമീപത്തെ പഴയ പ്ലാസ്റ്റിക്ക് കൂരയിലേക്ക് വീണ്ടും സൈമൺ താമസം മാറ്റി. പ്രശ്നം മാദ്ധ്യമങ്ങൾ ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സൈമൺ വെള്ളം കോരിയൊഴിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.
വീട്ടിൽ ഒരു തുള്ളി വെള്ളം പോലും ഒഴിച്ചിട്ടില്ലെന്നും, അവിടെ കിടക്കാൻ പറ്റാത്തത് കൊണ്ടാണ് ഷെഡിൽ കിടക്കുന്നതെന്നും സൈമൺ പറഞ്ഞു. വെയിലുള്ള സമയത്ത് കടുത്ത ചൂട് കാരണം അകത്ത് കിടക്കാൻ കഴിയില്ല. എന്തൊക്കെയാലും ഞാൻ എന്നും പാർട്ടിയുടെ പ്രവർത്തകനാണെന്നും സൈമൺ പറഞ്ഞു. ഒടുവിൽ ചോർന്നൊലിക്കുന്ന വീട് ചർച്ചയായതോടെ പ്രശ്നം പരിഹരിക്കുമെന്ന് ജില്ലാ നേതൃത്വം സൈമണിന് ഉറപ്പ് നൽകിയിട്ടുണ്ട്.















