പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനം പ്രായോഗികമല്ലെന്ന് ഭക്തജന സംഘടനകൾ. തീരുമാനത്തിനെതിരെ പ്രതിഷേധവുമായി നിരവധി സംഘടനകളാണ് രംഗത്തെത്തുന്നത്. വിഷയം നിയമപരമായി നേരിടുമെന്ന് ഹൈന്ദവ സംഘടനകളും അറിയിച്ചു.
ശബരിമല മണ്ഡലകാലം അടുക്കാനിരിക്കെയാണ് തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തികൊണ്ടുള്ള സർക്കാർ നീക്കം. സർക്കാർ നടപടി അയ്യപ്പഭക്തരെ വെല്ലുവിളിക്കുന്നതാണെന്ന് സംഘടനകൾ വ്യക്തമാക്കി. ഇത് ശബരിമല തീർത്ഥാടനത്തെ തന്നെ ബാധിക്കുമെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.
പണപ്പിരിവ് മാത്രം ലക്ഷ്യമിട്ടിട്ടുള്ള സർക്കാർ തീരുമാനം ശബരിമലയുമായി ബന്ധമുള്ള സംഘടനകളുമായി പോലും കൂടിയാലോചിക്കാതെയാണെന്ന ആരോപണവും ശക്തമാണ്. വിഷയം നിയമപരമായി നേരിടാനാണ് സംഘടനകളുടെ തീരുമാനം. വെർച്ച്വൽ ക്യൂ മാത്രം മതിയെന്ന തീരുമാനവും വിമർശനത്തിന് വഴിവയ്‌ക്കുകയാണ്.
കഴിഞ്ഞ മണ്ഡലകാലത്ത് സർക്കാരിന്റെയും പൊലീസിന്റെയും വീഴ്ച ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പരിചയസമ്പന്നരായ പൊലീസുകാരെ നിയോഗിക്കാത്തതും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാത്തതും ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. സർക്കാർ ഉണ്ടാക്കുന്ന വീഴ്ചയുടെ ഉത്തരവാദിത്തം ഭക്തരുടെ മുകളിൽ ചാർത്തുന്നത് പോലെയാണ് പുതിയ നിയന്ത്രണങ്ങളെന്ന് സംഘടനകൾ ആരോപിച്ചു.