ന്യൂഡൽഹി: ഇന്ത്യ- മാലദ്വീപ് ബന്ധം ദൃഢമാക്കാൻ പ്രസിഡന്റ് മുഹമ്മദ് മൊയ്‌സുവും പ്രഥമ വനിത സാജിത മുഹമ്മദും ഭാരതത്തിൽ. നാല് ദിവസത്തെ സന്ദർശനത്തിനായാണ് മൊയ്‌സു ഇന്ത്യയിലെത്തിയത്. ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയ ഇരുവരെയും വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് സ്വീകരിച്ചു. ഒക്ടോബർ 10-ാം തീയതി വരെ മൊയ്‌സുവും സാജിതയും ഇന്ത്യയിൽ ചെലവഴിക്കും.
രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ക്ഷണപ്രകാരമാണ് മൊയ്‌സു ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷ്‌ട്രപതിയുമായും അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തും. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തുമെന്നും പിഎംഒയുടെ ഓഫീസ് അറിയിച്ചു.
ഇന്ത്യയുമായുള്ള മാലദ്വീപിന്റെ നയതന്ത്രബന്ധം ദൃഢമാണ്. വൈകാതെ ഇന്ത്യ സന്ദർശിക്കുമെന്ന് മുഹമ്മദ് മൊയ്‌സു നേരത്തെ വ്യക്തമാക്കിയിരുന്നു. മാലദ്വീപിന്റെ വികസനത്തിനും വളർച്ചയ്‌ക്കും സഹായിക്കുന്ന രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ പ്രസിഡന്റ് മൊയ്സു പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മൊയ്‌സു ഇന്ത്യ സന്ദർശിക്കുന്നത് ഇത് രണ്ടാം തവണയാണ്.
മാലദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരമാർശങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ഇന്ത്യ- മാലദ്വീപ് ബന്ധം വഷളായിരുന്നു. പിന്നാലെ മാലദ്വീപ് സന്ദർശനം ഇന്ത്യക്കാർ ബഹിഷ്‌കരിച്ചതോടെ മാലദ്വീപ് ടൂറിസത്തിൽ വൻ ഇടിവ് നേരിട്ടു. ഇന്ത്യയുടെ സഹായങ്ങൾ നിർത്തരുതെന്ന മാലദ്വീപിന്റെ അഭ്യർത്ഥനകൾ പ്രകാരം വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ നിന്നും മാലദ്വീപിലേക്ക് തുടർന്നും സഹായം എത്തിയിരുന്നു.