തിരുവനന്തപുരം: ശ്രീനാരായണഗുരുവിനേയും ചാവറയച്ചനേയും അപമാനിക്കുന്ന പരാമർശമാണ് കെ.ടി ജലീൽ നടത്തിയതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. മഹാത്മക്കളോട് സ്വയം ഉപമിച്ച് മഹാത്മാക്കളെ അവഹേളിക്കുകയാണ് ജലീൽ ചെയ്തതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. മതവിധി പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ ഭരണഘടനയേയാണ് ജലീൽ അപമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കള്ളക്കടത്തിനെക്കുറിച്ച് ജലീൽ നടത്തിയ പരാമർശം ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കുന്നതും അപമാനിക്കുന്നതുമാണ്. കള്ളക്കടത്ത് തടയാൻ മതവിധി പുറപ്പെടുവിക്കണമെന്നാണ് ജലീൽ പറയുന്നത്. ഫത്വ അല്ലെങ്കിൽ മതശാസന പുറപ്പെടുവിക്കുന്നതിന് തുല്യമായ ആശയമാണ് ജലീൽ ചൂണ്ടിക്കാട്ടിയത്. അതിനിടെ ശ്രീനാരയണ ഗുരുദേവനുമായും ചാവറയച്ചനുമായും സ്വയം താരതമ്യം ചെയ്ത് ജലീൽ സംസാരിച്ചു. അത് ആ മഹാത്മാക്കളെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത്തരത്തിൽ പ്രസ്താവന നടത്തിയതിന് ശേഷവും മാർക്സിസ്റ്റ് പാർട്ടിയോ സിപിഎം നേതാക്കളോ ജലീലിന്റെ പ്രസ്താവന തള്ളിക്കളയാൻ തയ്യാറായിട്ടില്ല. കള്ളക്കടത്തും സ്വർണക്കടത്തും എന്തുകൊണ്ടാണ് നിയമവിരുദ്ധമാകുന്നത് എന്നതിന് നിയമപരമായ വിശദീകരണമുണ്ട്. പക്ഷെ കള്ളക്കടത്തിൽ ഉൾപ്പെടുന്ന മുസ്ലീം സമുദായത്തിൽപ്പെടുന്നവരെ ബോധവത്കരിക്കാൻ പാണക്കാട് തങ്ങൽ മതവിധി ഇറക്കണം എന്ന് പറയുമ്പോൾ, ഈ രാജ്യത്തെ നിയമങ്ങൾ മുസ്ലീം സമുദായത്തിന് ബാധകമല്ലെന്ന സമീപനമാണ് ജലീൽ നൽകുന്നത്. ഇക്കാര്യത്തിൽ മാർക്സിസ്റ്റ് പാർട്ട് തുടരുന്ന മൗനം ഞെട്ടിപ്പിക്കുന്നതാണ്.
ഭരണഘടന അപകടത്തിലാണെന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നവരാണ് മാർക്സിസ്റ്റ് പാർട്ടിക്കാരും കോൺഗ്രസുകാരും. ജനപ്രതിനിധിയായ ജലീൽ ഭരണഘടനാ വിരുദ്ധമായ പ്രസ്താവന നടത്തിയിട്ടും സിപിഎം നേതാക്കൾക്ക് ഒരക്ഷരം മിണ്ടാനില്ല. ഇത്തരത്തിലുള്ള കാര്യങ്ങളിൽ മതപരമായ സമീപനം കൂട്ടിച്ചേർക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. തെറ്റുകൾക്ക് മതപരമായ ശിക്ഷ, മതപരമായ ശാസനകൾ, മതപരമായ നിയമങ്ങൾ ബാധകമാക്കിയവരാണ് അദ്ധ്യാപകന്റെ കൈവെട്ടിയത്. അത്തരക്കാർക്ക് കൂട്ടുനിൽക്കുന്ന സമീപനമാണ് സിപിഎമ്മിന്റെ മൗനം സൂചിപ്പിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.















