ചണ്ഡീഗഡ്: ഹരിയാനയിൽ ബിജെപിക്ക് വിജയിക്കാൻ ഒരു സഖ്യത്തിന്റെയും ആവശ്യമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. ഹരിയാനയിൽ ഒറ്റയ്‌ക്ക് സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് സാധിക്കുമെന്നതിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലം വന്നതിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
” ബിജെപി ഒറ്റയ്‌ക്ക് വിജയിച്ചു വന്ന പാർട്ടിയാണെന്ന് തുടക്കം മുതൽ ഞാൻ പറയുന്നതാണ്. ഇപ്പോഴും അതേ നിലപാടാണ്. ബിജെപിക്ക് വിജയിക്കാൻ ഒരു സഖ്യത്തിന്റെയും ആവശ്യമില്ല. ഒറ്റയ്‌ക്ക് സർക്കാർ രൂപീകരിക്കാൻ കെൽപ്പുള്ള പാർട്ടിയാണ് ബിജെപി.”- നയാബ് സിംഗ് സെയ്‌നി പറഞ്ഞു.
ഹരിയാനയിൽ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലേറും. കോൺഗ്രസിന്റെ കാലത്ത് നാലും അഞ്ചും ദിവസം കാത്തിരുന്നും, വരി നിന്നുമാണ് ഗ്യാസ് സിലിണ്ടറുകൾ വീടുകളിൽ ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. പൊതുജനങ്ങളുടെ ജീവിതം സുഗമമാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിയാനയിൽ ഇരട്ട എഞ്ചിനോടെ ബിജെപി പ്രവർത്തിക്കുമെന്ന് പറഞ്ഞ സെയ്‌നി, പൗരവാകാശം വിനിയോഗിച്ച പങ്കെടുത്ത 2 കോടി 80 ലക്ഷം ജനങ്ങൾക്കും നന്ദി പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയ പാർട്ടി നേതാക്കൾക്കും പ്രചാരണ പ്രവർത്തനങ്ങൾ വിജയമാക്കിയ പ്രവർത്തകർക്കും അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി.















