കൊച്ചി: ഗുണ്ടാനേതാവ് ഓം പ്രകാശ് കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിൽ. മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് ഓംപ്രകാശ് കൊച്ചിയിൽ എത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
നഗരത്തിലെ ഹോട്ടലിൽ നിന്ന് മരട് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നർക്കോട്ടിക് വിഭാഗത്തിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. നിലവിൽ കരുതൽ തടങ്കലിലാണ് ഓംപ്രകാശ്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന ഷിഹാസിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന ഹോട്ടലിലെ മുറിയിൽ നിന്നും മദ്യക്കുപ്പിയും രാസലഹരി പദാർത്ഥങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.
നിരവധി കേസുകളിൽ പ്രതിയാണ് ഓം പ്രകാശ്. തിരുവനന്തപുരം പാറ്റൂരിൽ മറ്റൊരു ഗുണ്ടാസംഘത്തെ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഒളിവിൽ പോയ ഇയാളെ പിന്നീട് 2023 ഡിസംബറിൽ ഗോവയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.















