കൊച്ചി: നടുറോഡിൽ സിപിഎം പ്രവർത്തകർ ചേരി തിരിഞ്ഞ് തമ്മിലടിച്ച സംഭവത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. പൂണിത്തുറ ലോക്കൽ കമ്മിറ്റി അംഗം സുരേഷ് ബാബു, സൂരജ് ബാബു, പൂണിത്തുറ അയ്യങ്കാളി റോഡ് കളത്തിപ്പറമ്പിൽ സൂരജ്, എരൂർ കൊപ്പറമ്പ് പുളിക്കൽ ബൈജു , കളത്തിപ്പറമ്പിൽ സനീഷ് , മരട് മഠത്തിൽ എൻകെ സുനിൽകുമാർ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രിയാണ് പേട്ട ജംഗ്ഷനിൽ സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഭവത്തിൽ പാർട്ടി ലോക്കൽ സെക്രട്ടറി പി.ആർ. സത്യൻ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. പൂണിത്തുറ ലോക്കൽ കമ്മിറ്റിയിൽ നിലനിൽക്കുന്ന തർക്കങ്ങളാണ് അടിപിടിയിലെത്തിച്ചത്.