തായ്‌പേയ്: തായ്‌വാന് ചുറ്റും സൈനിക വിന്യാസം ശക്തിപ്പെടുത്തി ചൈന. ഞായറാഴ്ച പ്രാദേശികസമയം രാവിലെ 6 മണി മുതൽ തിങ്കളാഴ്ച രാവിലെ 6 വരെ തായ്‌വാന് ചുറ്റിലുമായി ചൈനയുടെ 27 സൈനിക വിമാനങ്ങളും ആറ് കപ്പലുകളും നിലയുറപ്പിച്ചിട്ടുണ്ടെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 19 വിമാനങ്ങൾ അതിർത്തി ലംഘിക്കാനുള്ള ശ്രമങ്ങൾ നടത്തിയതായും തായ്‌വാൻ ആരോപിച്ചു.
സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ചൈനയുടെ കടന്നുകയറ്റം അംഗീകരിക്കാനാകുന്ന കാര്യമല്ലെന്നും തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി മേഖലയിൽ സൈനിക നീക്കം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു. ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച പുലർച്ചെ വരെ നാല് ചൈനീസ് വിമാനങ്ങളും ആറ് യുദ്ധക്കപ്പലുകൾ തായ്‌വാനെ ചുറ്റി നിലയുറപ്പിച്ചിരുന്നു.
ഈ മാസം ആദ്യത്തെ നാലോളം ദിവസങ്ങളിൽ മേഖലയിൽ ചൈനീസ് കപ്പലുകളുടെയോ വിമാനങ്ങളുടെയോ സാന്നിധ്യം ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം അവസാനം എട്ട് വിമാനങ്ങളും രണ്ട് കപ്പലുകളും ഇവിടെ നിലയുറപ്പിച്ചിരുന്നു. പ്രകോപനപരമായ നീക്കമാണ് ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും, ഇത് അംഗീകരിക്കാനാകുന്ന കാര്യമല്ലെന്നും തായ്‌വാൻ വ്യക്തമാക്കി. 2020 സെപ്തംബർ മുതൽ മുതലാണ് തായ്‌വാന് ചുറ്റും സൈനിക വിമാനങ്ങളുടേയും കപ്പലുകളുടേയും എണ്ണം ചൈന ക്രമാതീതമായി വർദ്ധിപ്പിച്ചത്.















