ഒട്ടാവ: ഭാരതത്തിന്റെ പ്രാദേശിക അഖണ്ഡതയെ മാനിക്കണമെന്ന് കാനഡ. ഇന്ത്യ ഒന്നാണെന്നും അതിന്റെ സമഗ്രത തിരിച്ചറിയണമെന്നും കനേഡിയൻ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി ഡേവിഡ് മോറിസൺ വ്യക്തമാക്കി. കാനഡയുടെ നയം അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഗുരുതര ആരോപണം നയതന്ത്ര ബന്ധം വഷളാക്കിയതിന് പിന്നാലെയാണ് കാനഡയുടെ പരാമർശം.
ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിക്ക് തുല്യമായ പദവി വഹിക്കുന്നയാളാണ് മോറിസൺ. ഇന്ത്യയും കാനഡയുമായി നിജ്ജാർ വിഷയത്തിൽ സ്വകാര്യ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒട്ടാവയിലെ ഫോറിൻ ഇൻ്റർഫെറൻസ് കമ്മിഷന് മുന്നിൽ ഹാജരായപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവനായിരുന്ന നിജ്ജാർ, 2023 ജൂണിൽ യുഎസ്-കാനഡ അതിർത്തിയിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ വിരുദ്ധ പരാമർശങ്ങളുമായി കനേഡിയൻ പ്രധാനമന്ത്രി രംഗത്ത് വന്നത്. നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യൻ രഹസ്യന്വേഷണ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. പിന്നാലെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഉന്നത ഉദ്യോഗസ്ഥനെ യാതൊരു തെളിവുകളുമില്ലാതെ കാനഡ പുറത്താക്കി. ഇതിന് മറുപടിയായി കാനഡയുടെ ഇൻ്റലിജൻസ് സർവീസ് തലവനെ ഇന്ത്യയും പുറത്താക്കി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശിഥിലമാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് അനുനയ ചർച്ചകളും പ്രസ്താവനകളും കാനഡ നടത്തുന്നത്.















