ന്യൂഡൽഹി: ആഗോള സംഘർഷങ്ങളിൽ വെറും കാഴ്ചക്കാരനായി നിൽക്കുന്ന യുഎൻ നടപടിയെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ആധുനിക വിപണിയുമായി പൊരുത്തപ്പെട്ട് പോകാൻ സാധിക്കാത്ത പഴയ കമ്പനിയായി യുഎൻ മാറിയെന്ന്, ന്യൂഡൽഹിയിൽ നടന്ന കൗടില്യ സാമ്പത്തിക കോൺക്ലേവിൽ അദ്ദേഹം പറഞ്ഞു.
ലോകത്ത് അതീവ ഗുരുതരമായ രണ്ട് സംഘർഷങ്ങൾ നടക്കുകയാണ്. യുഎൻ കാഴ്ചക്കാരനെ പോലെ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ് . ആഗോളതലത്തിൽ എറ്റവും വലിയ വെല്ലുവിളികളിൽ പോലും യുഎൻ കൃത്യമായ ചുവടുകൾ എടുക്കുന്നില്ല. അതിനാൽ ഓരോരുത്തരും തങ്ങളെ കൊണ്ട് സാധിക്കുന്ന കാര്യങ്ങൾ ചെയ്യുകയാണ്. കഴിഞ്ഞ ദശകത്തിൽ ലോകത്തിന് മുഴുവൻ ഭീഷണിയായി മാറിയ കോവിഡിനെ നേരിടാൻ യുഎൻ കാര്യമായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വിമർശിച്ചു. തികച്ചും കാലഹരണപ്പെട്ട സംവിധാനമായി യുഎൻ മാറിയെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) ഉച്ചകോടിയിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സദസിൽ നിന്നുയർന്നു. താൻ ഇസ്‌ലാമാബാദിലേക്ക് പോകുന്നത് ആഗോള പരിപാടിക്ക് വേണ്ടിയാണെന്നും ഇന്ത്യ-പാക് ബന്ധം ചർച്ച ചെയ്യാനല്ലെന്നും വിദേശകാര്യ മന്ത്രി മറുപടിയായി പറഞ്ഞു.















