ആലപ്പുഴ: ദേശീയ സേവാഭാരതിയുടെ ഭൂദാനം ശ്രേഷ്ഠ ദാനം പദ്ധതിയുടെ ഭാഗമായി ചെട്ടികുളങ്ങരയിലെ ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി കൈമാറി. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് മൂലയ്‌ക്കാട്ട് കുടുംബത്തിൽ നിന്ന് ലഭിച്ച ഭൂമിയാണ് അഞ്ച് കുടുംബങ്ങൾക്കായി നൽകിയത്.
സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് ഭൂമിയും വീടും ഉറപ്പാക്കാൻ സേവാഭാരതി നടപ്പാക്കുന്ന യജ്‍ഞമാണ് ഭൂദാനം ശ്രേഷ്ഠദാനം പദ്ധതി. അഞ്ച് സെന്റ് ഭൂമിയാണ് പദ്ധതിയിലൂടെ ഒരു കുടുംബത്തിന് സ്വന്തമായത്.
ചെട്ടിക്കുളങ്ങര തീർത്ഥം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡോ. എ പി കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. ദേശീയ സേവാഭാരതി ജില്ലാ പ്രസിഡന്റ് സതീഷ് കുമാർ അദ്ധ്യക്ഷനായി. ആർഎസ്എസ് ശബരിഗിരി വിഭാഗം കാര്യവാഹ് ജി. വിനു സേവാ സന്ദേശം നൽകി. ജില്ലാ സെക്രട്ടറി എ. അനീഷ്, ജില്ലാ രക്ഷാധികാരി ബി. മുകുന്ദൻകുട്ടി നായർ, മൂലയ്ക്കാട്ട് കുടുംബാംഗങ്ങളായ ശശിധരൻ നായർ, ഡോ. ഗോപകുമാർ തുടങ്ങി സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.















