തിരുവനന്തപുരം: എഡിജിപി അജിത് കുമാറിന്റെ ചുമതലമാറ്റം അച്ചടക്ക നടപടിയാണോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഡിജിപിയുടെ ചുമതലമാറ്റവുമായി ബന്ധപ്പെട്ട പല ചോദ്യങ്ങളിലും പ്രതികരിക്കാതിരുന്ന എം വി ഗോവിന്ദൻ സിപിഐ ആവശ്യപ്പെട്ടതും സർക്കാർ പറഞ്ഞതും നടത്തിയിട്ടുണ്ടെന്ന് പറഞ്ഞു.
സിപിഐയുടെ ഭാഗത്ത് നിന്ന് യാതൊരു സമ്മർദ്ദവും ഉണ്ടായിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ വാക്ക് പാലിച്ചു. എഡിജിപിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട് സിപിഐ ആവശ്യപ്പെട്ടത് നടപ്പിലാക്കിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്തിൽ പിടിയിലാകുന്നവരിൽ അധികവും മുസ്ലീങ്ങളാണെന്ന എംഎൽഎ കെ ടി ജലീലിന്റെ പ്രസ്താവനയെയും എം വി ഗോവിന്ദൻ വിമർശിച്ചു. സ്വർണക്കടത്ത് കേസുമായി സമുദായത്തെ ചേർത്ത് കെട്ടേണ്ട കാര്യമില്ല. മതപരമായ ഇടപെടൽ നല്ലതാണ്. ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാൻ കഴിയില്ല. എന്നാൽ, ഇതിൽ സമുദായത്തിലുള്ള നേതാക്കൾക്ക് ബാധ്യതയുണ്ട്. ഇതൊന്നും കുറ്റകൃത്യമല്ലെന്ന ചില ആളുകളുടെ ധാരണ മാറ്റേണ്ടതുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സ്വർണക്കടത്ത് നടത്തുന്നവരിൽ മഹാഭൂരിപക്ഷവും മുസ്ലീങ്ങളാണെന്നും ലീഗുമായി സഹകരിക്കുന്ന മതപണ്ഡിതരടക്കം സ്വർണം കടത്തിയിട്ടുണ്ടെന്നും ജലീൽ വെളിപ്പെടുത്തി. പുസ്തകത്തിന്റെ ചട്ടയിൽ സ്വർണം കടത്തുകയും കസ്റ്റംസ് അത് പിടികൂടുകയും ചെയ്തിട്ടുണ്ട്. തുടർന്ന് ആഴ്ചകളോളം ജയിലിൽ കിടന്ന മതപണ്ഡിതന്റെ വിശദാംശങ്ങൾ തന്റെ പക്കലുണ്ടെന്നും ജലീൽ പറഞ്ഞിരുന്നു.