കാസർകോട്: കപ്പൽ ജീവനക്കാരനും കാസർകോട് രാജപുരം മാലക്കല്ലിൽ സ്വദേശിയുമായ ആൽബർട്ട് ആന്റണിയെ (22) കാണാതായിട്ട് മൂന്ന് ദിവസം. ആൽബർട്ടിനെ കണ്ടെത്താൻ കഴിഞ്ഞ രണ്ട് ദിവസമായി മൂന്ന് കപ്പലുകൾ കൊളംമ്പോയുടെ ആഴക്കടലിൽ തിരച്ചിൽ നടത്തിയെങ്കിലും നിരാശ മാത്രമാണ് ബാക്കിയായത്.
മകന് വേണ്ടിയുള്ള തിരച്ചിലും അധികൃതർ അവസാനിപ്പിച്ചു. ഇതിന് പിന്നാലെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബം. സംഭവം അറിഞ്ഞതിന് പിന്നാലെ എംഎൽഎമാരായ ഇ. ചന്ദ്രശേഖരൻ, എം.രാജഗോപാലൻ എന്നിവർ വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ച് ആവശ്യമായ ഇടപെടൽ നടത്താമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊളംമ്പോ തുറമുഖത്ത് നിന്ന് 300 നോട്ടിക്കൽ മൈൽ അകലെവച്ച് കപ്പലിൽ നിന്ന് കാണാതായത്. ചൈനയിൽ നിന്ന് ബ്രസീലിലേക്ക് പോകുകയായിരുന്നു കപ്പൽ. സിനർജി മാരിടൈം കമ്പനിയുടെ എം.വി.ട്രൂ കോൺറാഡ് എന്ന ചരക്കുകപ്പലിലെ ഡെക്ക് ട്രെയ്‌നി കേഡറായിരുന്നു ആൽബർട്ട്. തുടർന്ന് കമ്പനി അധികൃതർ വീട്ടിലെത്തി വിവരം ഔദ്യോഗികമായി കുടുംബത്തിന് കൈമാറിയിരുന്നു. തിരച്ചിൽ നടക്കുന്നതായും അറിയിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ 15-നാണ് ആൽബർട്ട് ആന്റണി കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്.















