തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി നിർത്തിയത് ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിലാണെന്ന തരത്തിൽ മാദ്ധ്യമങ്ങൾ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് ആർഎസ്എസ് വിശേഷാൽ സമ്പർക്ക പ്രമുഖ് എ. ജയകുമാർ. സർക്കാർ ഉത്തരവിൽ ആർഎസ്എസിനെക്കുറിച്ച് എന്തെങ്കിലും പരാമർശം ഉണ്ടോയെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ ചോദിച്ചു.
ഇന്നലെ രാത്രി 9 മണി മുതൽ എല്ലാ ടിവി ചാനലുകളും ഒരേ രീതിയിൽ റിപ്പോർട്ട് ചെയ്ത ഒരു പച്ച കള്ളം ഞാൻ ഇവിടെ കുറിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ആർഎസ്എസ് സർകാര്യവാഹായ ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ചയ്‌ക്ക് വഴിയൊരുക്കിയത് സമ്പർക്കപ്രമുഖായ എ. ജയകുമാറാണെന്ന് നേരത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മാധ്യമങ്ങൾ സമൂഹത്തെ വഴിതെറ്റിക്കാൻ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. എം. ആർ അജിത് കുമാർ ആർഎസ്എസ് ബന്ധമുള്ള ആളോ, സഹയാത്രികനോ അല്ല. ഐപിഎസും, ഉന്നത പദവികളും അദ്ദേഹത്തിനു നൽകിയതും ആർഎസ്എസ് അല്ല. കേരളത്തിലെ മാദ്ധ്യമങ്ങൾ സാധാരണ മനുഷ്യരെയും ഇവിടുത്തെ ഉദ്യോഗസ്ഥ വൃന്ദത്തെയും ആർഎസ്എസിൽ നിന്നും അകറ്റാൻ പണി തുടങ്ങിയിട്ട് വർഷങ്ങളെത്രയായി. എന്നിട്ട് ആർഎസ്എസിനെ തളർത്താനായോ എന്ന് അദ്ദേഹം ചോദിച്ചു.
ആർഎസ്എസിന്റെ ചിലവിൽ ഇന്ന് മാദ്ധ്യമങ്ങൾ എന്തെങ്കിലും നേടുവാൻ വേണ്ടി പ്രചരിപ്പിക്കുന്നത് നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയേ ഉള്ളു. എന്തെന്നാൽ ആർഎസ്എസ് പ്രസ്ഥാനം ഏകദേശം അഞ്ചു തലമുറകളുടെ പരിശ്രമത്തിന്റെ പ്രാണനുമായാണ് കുതിക്കുന്നത്. തളരാതെ, ചിതറാതെ,ഒരു നൂറ്റാണ്ടിന്റെ കരുത്തുമായി …. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.