ചെന്നൈ: സ്റ്റാലിൻ സർക്കാർ ഏർപ്പെടുത്തിയ എല്ലാ അടിച്ചമർത്തൽ നീക്കങ്ങളെയും അതിജീവിച്ച് തമിഴ്‌നാട്ടിൽ ആർ എസ് എസ് പഥസഞ്ചലനം അതി വിജയകരമായി നടത്തി.
സംഘ സ്ഥാപനത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ് വിജയദശമിയോടനുബന്ധിച്ച് സ്വയം സേവകർ ഞായറാഴ്ച തമിഴ്നാട്ടിലെ 58 സ്ഥലങ്ങളിൽ റൂട്ട് മാർച്ച് നടത്തിയത്. ഓരോ സ്ഥലത്തും ആയിരക്കണക്കിന് സ്വയം സേവകരാണ് പൂർണ്ണ ഗണവേഷത്തിൽ മാർച്ചിൽ പങ്കെടുത്തത്.
ആർഎസ്എസിന് ഈ റൂട്ട് മാർച്ചുകൾ നടത്താൻ അനുമതി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ തമിഴ്‌നാട് പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ചെന്നൈയിൽ എഗ്മോർ ഏരിയയിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ മുരുകൻ മറ്റു സ്വയം സേവകർക്കൊപ്പം പഥസഞ്ചലനത്തിൽ ചേർന്നു. ചെന്നൈയിലെ എഗ്മോർ രാജരത്നം സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ എൽ മുരുകൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, മധുര, കോയമ്പത്തൂർ, തിരുപ്പൂർ, ശിവഗംഗ, നീലഗിരി, കന്യാകുമാരി തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് വലയത്തിലാണ് പഥസഞ്ചലനം നടന്നത്. ചെന്നൈയിൽ തന്നെ എഗ്‌മോർ, താംബരം, മണലി, മേടവാക്കം, പെരമ്പൂർ തുടങ്ങി 7 വ്യത്യസ്‌ത സ്ഥലങ്ങളിൽ റാലികൾ നടന്നതായും ഓരോ സ്ഥലത്തും ആയിരത്തിലധികം സ്വയം സേവകർ ബാൻഡ് വാദ്യങ്ങളോടെ ഘോഷയാത്രയിൽ പങ്കെടുത്തതായും ആർഎസ്എസ് സംസ്ഥാന വക്താവ് നരസിംഹൻ പറഞ്ഞു.
കന്യാകുമാരി ജില്ലയിലെ കളിയക്കാവിളയിൽ രണ്ടായിരത്തിലധികം സ്വയം സേവകർ മൂന്ന് കിലോമീറ്ററിലധികം ദൈർഘ്യമുള്ള പഥസഞ്ചലനപാതയാണ് പിന്നിട്ടത്. പഥസഞ്ചലനത്തിനു ശേഷം എല്ലാ സ്ഥലങ്ങളിലും ഗണവേഷധാരികളും സന്നദ്ധപ്രവർത്തകരും സംഘബന്ധുക്കളും പൊതുയോഗത്തിൽ പങ്കെടുത്തു.
പ്രാദേശിക ഉത്സവമായതിനാൽ തൂത്തുക്കുടി ജില്ലയിൽ മാത്രം പഥസഞ്ചലനം മാറ്റിവെച്ചതായി സംഘ കാര്യകര്തതാക്കൾ അറിയിച്ചു.
പോലീസ് അനുമതിലഭിക്കുന്നതിന് നേരിട്ട വെല്ലുവിളികളെ അതിജീവിച്ച് നടത്തിയ റൂട്ട് മാർച്ചിന്റെ വൻ വിജയം വളരെയേറെ പ്രാധാന്യമർഹിക്കുന്നതാണ്.















