തിരുവനന്തപുരം: പീഡനാരോപണ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലേക്ക് മടങ്ങി. രണ്ടര മണിക്കൂറാണ് അന്വേഷണ സംഘം സിദ്ദിഖിനെ ചോദ്യം ചെയ്തത്. ഈ മാസം 12-ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം നിർദേശിച്ചു.
ഇന്ന് വിശദമായ ചോദ്യം ചെയ്യൽ ഉണ്ടായില്ലെന്നും ചില രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും സിദ്ദിഖ് അതൊന്നും ഹാജരാക്കിയില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. രേഖകളെ കുറിച്ച് ചോദിച്ചറിയുകയാണ് ഉണ്ടായതെന്നും കൂടുതൽ ചോദ്യം ചെയ്യലിലേക്ക് കടന്നില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. തിരുവനന്തപുരത്തെ നാർകോട്ടിക് സെല്ലിന്റെ കൺട്രോൾ റൂമിലാണ് ചോദ്യം ചെയ്യൽ നടന്നത്. ഉദ്യോഗസ്ഥരായ മെറിൻ ജോസഫ്, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്.
പരാതിക്കാരിയെ ഹോട്ടലിൽ വച്ച് കണ്ടിട്ടില്ലെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തോട് പറഞ്ഞു. നിള തിയേറ്ററിൽ വച്ച് മാത്രമാണ് യുവതിയെ കണ്ടത്. അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ തന്റെ കൈയ്യിലില്ലെന്നും സിദ്ദിഖ് അറിയിച്ചു. എന്നാൽ രേഖകൾ സമർപ്പിച്ച് അത് പരിശോധിച്ച ശേഷം കൂടതൽ ചോദ്യം ചെയ്യലിലേക്ക് കടക്കാമെന്ന നിലപാടിലാണ് അന്വേഷണ സംഘം.
സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലായിരുന്നു സിദ്ദിഖ് ആദ്യം ഹാജരായത്. എന്നാൽ മൊഴി എടുക്കാൻ ഉദ്യോഗസ്ഥൻ തയ്യാറായിരുന്നില്ല. തുടർന്ന് അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം സിദ്ദിഖ് നാർകോട്ടിക് സെല്ലിന്റെ കൺട്രോൾ റൂമിലെത്തുകയായിരുന്നു.















