കൊച്ചി: ലഹരി കേസിൽ അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ സിനിമാതാരങ്ങളുടെ പേരുകൾ. യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗാ മാർട്ടിനും ഓംപ്രകാശിന്റെ മുറി സന്ദർശിച്ചു എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. അതിനിടെ ഓംപ്രകാശിനും ഒപ്പം പിടികൂടിയ ഷിഹാസിനും ജാമ്യം ലഭിച്ചു. ഇന്നലെയാണ് കൊച്ചി മരടിലെ ആഢംബര ഹോട്ടലിൽ വെച്ച് ഇരുവരേയും പൊലീസ് പിടികൂടിയത്. ബോൾഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതായിരുന്നു ഇയാള്‍.
ഓംപ്രകാശിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലേക്കും അന്വേഷണം വ്യാപിക്കുന്നുണ്ടെന്നാണ് വിവരം. ഓംപ്രകാശിനെ പിടികൂടുന്ന സമയത്ത് ശ്രീനാഥ് ഭാസിയും പ്രയാഗാ മാർട്ടിനും തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്നു. ഇരുവരും ഓപ്രകാശിന്റെ മുറി സന്ദർശിച്ചു. ഇതിന് പുറമേ 20 ഓളം പേർ ഹോട്ടൽ മുറിയിൽ എത്തിയിരുന്നുവെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.
കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഓപ്രകാശുമായി സിനിമതാരങ്ങൾക്കുള്ള ബന്ധമാണ് ചോദ്യങ്ങളുയർത്തുന്നത്. എന്നാൽ ഇവർക്ക് ഈ കേസുമായി എന്തു തരത്തിലുള്ള ബന്ധമാണ് ഉള്ളതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല. ഓംപ്രകാശിനെ കൊക്കെയ്നുമായി പിടികൂടി എന്ന് പൊലീസ് പറയുമ്പോഴും കൊക്കെയ്ന്റെ കവർ മാത്രമാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. ലഹരി ഉപയോഗം വൈദ്യപരിശോധയിൽ തെളിയിക്കാനും സാധിച്ചില്ല. ഈ പഴുതിലൂടെയാണ് ഓപ്രകാശ് ജാമ്യം നേടിയത്.